മുംബൈ: നീലച്ചിത്രക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ മുംബൈ എസ്‌പ്ലനേഡ് കോടതി ബുധനാഴ്ച തള്ളി. അതിനിടെ നീലച്ചിത്രനിർമാണവുമായി ബന്ധപ്പെട്ട് കുന്ദ്രയുടെ സ്ഥാപനത്തിനും നടി ഗഹന വസിഷ്ഠിനും എതിരേ മുംബൈയിലെ മാൽവനി പോലീസ് പുതിയ കേസെടുത്തു.

കഴിഞ്ഞ 19-ന് അറസ്റ്റുചെയ്യപ്പെട്ട കുന്ദ്ര ഇപ്പോൾ ആർതർ റോഡ് ജയിലിലാണ്. എസ്‌പ്ലനേഡിലെ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ചയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയപ്പോൾ അദ്ദേഹം എന്താ ഭീകരപ്രവർത്തകനാണോ എന്ന് കുന്ദ്രയുടെ അഭിഭാഷകൻ ചോദിച്ചു. കേസിലെ ഡിജിറ്റൽ തെളിവുകൾ രാജ് കുന്ദ്ര നശിപ്പിച്ചതായും സ്വാധീനമുള്ള ബിസിനസുകാരനായ കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാൽ ബാക്കിയുള്ള തെളിവുകളും നശിപ്പിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരേ കുന്ദ്രയുടെ അഭിഭാഷകൻ ബുധനാഴ്ചതന്നെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

മുംബൈയിലെ ഒരു മോഡൽ നൽകിയ പരാതിയനുസരിച്ചാണ് മലാഡിനടുത്തുള്ള മാൽവനി പോലീസ് സ്റ്റേഷനിൽ നീലച്ചിത്രക്കേസിൽ പുതിയ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് അനധികൃതമാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുന്ദ്ര നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി വ്യാഴാഴ്ച വിധിപറഞ്ഞേക്കും. ക്രിമിനൽ നടപടിച്ചട്ടങ്ങൾക്ക് വിരുദ്ധമായാണ് തന്നെ അറസ്റ്റുചെയ്തതെന്നും ചുമത്തപ്പെട്ട കുറ്റങ്ങൾ ജാമ്യം ലഭിക്കാവുന്നവയാണെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇതേ കേസിൽ മൊഴി നൽകുന്നതിനുവേണ്ടി എത്തണമെന്നാവശ്യപ്പെട്ട് സമൻസ് ലഭിച്ച നടിമാരായ ഷെർലിൻ ചോപ്രയ്ക്കും പൂനം പാണ്ഡേയ്ക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.