ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ രാജിവച്ച മുതിർന്ന നേതാവ് ബി.എസ്. യെദ്യൂരപ്പയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും. യെദ്യൂരപ്പ പാർട്ടിക്കും കർണാടകത്തിന്റെ വളർച്ചയ്ക്കും നൽകിയ സംഭാവനകൾ വാക്കുകൾകൊണ്ട് വിവരിക്കാനാകില്ലെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ പറഞ്ഞു. പതിറ്റാണ്ടുകളോളം അദ്ദേഹം കഠിനാധ്വാനം ചെയ്തു. സംസ്ഥാനത്തുടനീളം യാത്രചെയ്ത് ജനങ്ങളുമായി അടുത്ത ബന്ധമുണ്ടാക്കി. സാമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം കാണിച്ച ആത്മാർഥത പ്രശംസനീയമാണെന്നും നരേന്ദ്രമോദി പറഞ്ഞു.

കർണാടകത്തിൽ ബി.ജെ.പി.യെ സമൂഹത്തിന്റെ അടിത്തട്ടിൽ ശക്തിപ്പെടുത്താൻ യെദ്യൂരപ്പ നടത്തിയ കഠിനാധ്വാനം പ്രചോദിപ്പിക്കുന്നതാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. തുടർന്നും അദ്ദേഹം പാർട്ടിക്കും സർക്കാരിനും വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.