ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശബ്ദം പാർലമെന്റിൽ കേന്ദ്രസർക്കാർ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

പെഗാസസ് ഫോൺചോർത്തൽ, പണപ്പെരുപ്പം, കർഷകരുടെ പ്രശ്നം എന്നിവയിൽ പ്രതിപക്ഷം വിട്ടുവീഴ്ചചെയ്യില്ലെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സാന്നിധ്യത്തിൽ ചർച്ചനടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷം പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്ന സർക്കാർ ആരോപണം നിഷേധിച്ച രാഹുൽ, തങ്ങൾ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി.

പാർലമെന്റിൽ ആവിഷ്കരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന 14 പ്രതിപക്ഷകക്ഷികളുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരാണോ പെഗാസസ് ചാര സോഫ്റ്റ്‍വേർ വാങ്ങിയതെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ‘ഈ ആയുധം ജനങ്ങൾക്കെതിരേ പ്രയോഗിച്ചോ എന്നതിന് നരേന്ദ്രമോദിയും അമിത് ഷായും ഉത്തരംപറയണം. നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളുടെ ഫോണുകളിൽ പെഗാസസ് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. അവർ ഈ ആയുധം എനിക്കെതിരേയും രാജ്യത്തെ നിയമസംവിധാനങ്ങൾക്കെതിരേയും പ്രയോഗിച്ചു. ഇതു കോൺഗ്രസ് നേതാവ് പറയുന്നതല്ല. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളും പറയുന്നതാണ്’-രാഹുൽ പറഞ്ഞു.

പെഗാസസ് സ്വകാര്യതയുടെ പ്രശ്നമല്ലെന്നും ദേശീയതയുടെയും രാജ്യദ്രോഹത്തിന്റെയും വിഷയമാണെന്നും ദേശവിരുദ്ധ പ്രവർത്തനമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ് പെഗാസസ് എന്ന് ശിവസേന എം.പി. സഞ്ജയ് റൗത്ത് പറഞ്ഞു. സർക്കാർ അവരുടെ മന്ത്രിയുടെ ഭാര്യയെയും മക്കളെയും വരെ ഒളിഞ്ഞുനോട്ടത്തിൽനിന്ന് വെറുതേ വിട്ടില്ലെന്ന് എൻ.സി.പി. നേതാവ് സുപ്രിയ സുലെ കുറ്റപ്പെടുത്തി. നമ്മുടെ രാജ്യം ഹിറ്റ്‌ലറുടെ ജർമനി ആവുകയാണെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം പറഞ്ഞു.

ഡി.എം.കെ., ആർ.ജെ.ഡി., സി.പി.എം., എ.എ.പി., നാഷണൽ കോൺഫറൻസ്, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് എം., എസ്.പി., ആർ.എസ്.പി., വിടുതലൈ ചിരുതൈകൾ കക്ഷി എന്നീകക്ഷികളുടെ പ്രതിനിധികളും പങ്കെടുത്തു.