ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയം പരിഗണിക്കാനെടുത്ത ഐ.ടി. പാർലമെന്ററിസമിതിയുടെ അധ്യക്ഷൻ ശശി തരൂരിനെ നീക്കണമെന്ന് ബി.ജെ.പി.

ഇതിനായി ബി.ജെ.പി. നേതാവും സമിതിയംഗവുമായ നിഷികാന്ത് ദുബെ തരൂരിനെതിരേ ലോക്‌സഭയിൽ അവകാശലംഘനത്തിനു നോട്ടീസ് നൽകി. ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുന്നതുവരെ താൻ സമിതിയോഗത്തിൽ പങ്കെടുക്കില്ലെന്ന് ദുബെ പ്രഖ്യാപിച്ചു. ഇതിനിടെ തരൂർ ബുധനാഴ്ച വിളിച്ചുചേർത്ത പാർലമെന്ററിസമിതി യോഗം അംഗബലം തികയാത്തതിനെത്തുടർന്ന് മാറ്റിവെച്ചു. പെഗാസസ് വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനാണ് യോഗം വിളിച്ചത്.

പാർലമെന്ററിസമിതിയുടെ ജനാധിപത്യപരമായ പ്രവർത്തനത്തെ അവഹേളിച്ചിരിക്കുകയാണ് തരൂരെന്ന് ദുബെ വിമർശിച്ചു. തന്റെ രാഷ്ട്രീയയജമാനന്മാർക്കുവേണ്ടി പാദസേവ നടത്തുകയാണ് അദ്ദേഹം. തരൂരിനെപ്പോലുള്ള അധ്യക്ഷന്മാരെ ഉപയോഗപ്പെടുത്തി ജനാധിപത്യസ്ഥാപനങ്ങളെ ക്രമേണ തകർക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ദുബെ ആരോപിച്ചു.

ചൊവ്വാഴ്ച ചേർന്ന യോഗവും ബി.ജെ.പി. അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. അജൻഡ മുൻകൂട്ടി തങ്ങളുമായി ചർച്ച ചെയ്തില്ലെന്നാണ് അവരുടെ വിമർശനം. യോഗത്തിനെത്തിയ ബി.ജെ.പി. എം.പി.മാർ രജിസ്റ്ററിൽ ഒപ്പുവെക്കാതെ ബഹിഷ്കരണം പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

പാർലമെന്ററി സമിതി പരിഗണിക്കുന്ന ‘പൗരന്മാരുടെ ഡേറ്റാ സുരക്ഷയും സ്വകാര്യതയും’ എന്ന അജൻഡ നേരത്തേ അംഗീകരിച്ചതാണെന്ന് ശശി തരൂർ വിശദീകരിച്ചു. കഴിഞ്ഞവർഷം നവംബറിലും ഡിസംബറിലും പെഗാസസ് ചർച്ചചെയ്തിരുന്നു. അതുകൊണ്ടുതന്നെ, ഇതൊരു തുടർപ്രക്രിയയാണ്. കൂടുതൽ ചോദ്യങ്ങൾ ഉയർന്നുവരാം. ഈപ്രശ്നത്തിന്റെ പേരിൽ പാർലമെന്റ് തടസ്സപ്പെട്ടിരിക്കുകയാണ്. പെഗാസസ് വിഷയത്തെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ട്. അതുകൊണ്ടൊക്കെത്തന്നെ സർക്കാർ ഉദ്യോഗസ്ഥരോട് ചിലതു ചോദിച്ചറിയാനുണ്ടെന്നും ശശി തരൂർ പറഞ്ഞു. ഗവൺമെന്റ് സെക്രട്ടറിമാരെ ചോദ്യംചെയ്യാൻ പാർലമെന്ററി സമിതിക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി. യോഗത്തിലേക്ക് സി.പി.എം. എം.പി.ക്ക് ക്ഷണം

തരൂരിനെതിരേയുള്ള തന്ത്രങ്ങൾ മെനയാൻ ബി.ജെ.പി. വിളിച്ച യോഗത്തിലേക്ക്‌ അബദ്ധത്തിൽ സി.പി.എം. എം.പി.ക്ക് ക്ഷണം. ഐ.ടി. പാർലമെന്ററിസമിതിയംഗം പി.ആർ. നടരാജനെയാണ് ബി.ജെ.പി. ആളറിയാതെ വിളിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവിന്റെ ഓഫീസിൽനിന്ന്‌ ഫോൺവിളി വന്നതായി നടരാജൻ പറഞ്ഞു. മന്ത്രി കാണാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഓഫീസിൽ നിന്നുള്ള സന്ദേശം. “ഞാൻ അതിശയിച്ചുപോയി. മന്ത്രിയെ കാണാൻ സമയം ചോദിച്ചിട്ടില്ലെന്ന് മറുപടി നൽകിയെങ്കിലും ഉച്ചയ്ക്കു രണ്ടു മണിക്ക് എന്തായാലും എത്തണമെന്നായിരുന്നു ആവശ്യം. തുടർന്ന്, മന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ മന്ത്രിയും അതിശയിച്ചു. നിങ്ങൾ ഐ.ടി. പാർലമെന്ററി സമിതിയിലുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്ന് മറുപടിനൽകി. ഏതുപാർട്ടിയിൽനിന്നാണെന്നു ചോദിച്ചു. ഞാൻ സി.പി.എം. അംഗമാണെന്ന് മറുപടി നൽകി. ഉടൻ തെറ്റുപറ്റിയതായും ഖേദിക്കുന്നതായും മന്ത്രി അറിയിക്കുകയായിരുന്നു” - നടരാജൻ വിശദീകരിച്ചു.