ന്യൂഡൽഹി: ഡൽഹിയിൽ കർഷകർ നടത്തിയ ട്രാക്ടർറാലി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരെയുണ്ടായ അക്രമത്തെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ(എൻ.ബി.എ.) ശക്തമായി അപലപിച്ചു.

വാർത്തകൾ ശേഖരിച്ച് ജനങ്ങളിലെത്തിക്കുകയെന്ന തൊഴിൽപരമായ കർത്തവ്യം നിറവേറ്റാനെത്തിയതാണ് മാധ്യമപ്രവർത്തകർ. അവരെ ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയുംചെയ്ത പ്രവൃത്തികൾ ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതിനുതുല്യമാണെന്നും എൻ.ബി.എ. പ്രതികരിച്ചു. അക്രമകാരികളെ കണ്ടുപിടിച്ച് കേസെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

രണ്ടുമാസമായി കർഷകർ നടത്തിവരുന്ന പ്രതിഷേധസമരം വസ്തുനിഷ്ഠാപരവും സത്യസന്ധവുമായാണ് പത്ര-ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തതെന്നും എൻ.ബി.എ. അഭിപ്രായപ്പെട്ടു.