മൈസൂരു: മൈസൂരുവിലെ ജൂവലറി ഉടമയിൽനിന്ന് ഒരു കിലോ തൂക്കമുള്ള സ്വർണക്കട്ടി വാങ്ങി പണം നൽകാതെ മുങ്ങിയ കാസർകോട് സ്വദേശി അറസ്റ്റിൽ. കാസർകോട് ആലമ്പടി മുട്ടത്തൊടി റഹ്മാനിയ നഗറിൽ ബർക്കത്ത് വീട്ടിൽ എസ്.എ. ഹമീദലി എന്ന അലിയെയാണ്(46) മൈസൂരു ലഷ്‌കർ പോലീസ് പിടികൂടിയത്.
മൈസൂരുവിലെ ശ്രീ മാതാജി ജ്വല്ലറിയുടമ ഇന്ദർചന്ദിനെയാണ് ഇയാൾ കബളിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇയാൾ മൈസൂരുവിലെത്തി ഒരു പീടികമുറി വാടകയ്ക്കെടുത്ത് ജൂവലറി ഷോപ്പ് എന്ന പേരിൽ തുറന്നിരുന്നു. തുടർന്ന് ഇന്ദർചന്ദുമായി സ്വർണത്തിന്റെ ഇടപാടുകൾ നടത്തിവന്നു. ഇന്ദർചന്ദിന്റെ വിശ്വാസമാർജിച്ചശേഷം 2019 ഒക്ടോബർ 31-ന് ഒരു കിലോയുടെ സ്വർണക്കട്ടി വാങ്ങിക്കൊണ്ടുപോകുകയായിരുന്നു. ചെറിയ തുക നൽകി, ബാക്കി പിന്നീട് നൽകാമെന്നുപറഞ്ഞാണ് വാങ്ങിയത്. പക്ഷേ, ബാക്കി പണം നൽകുകയോ സ്വർണം തിരിച്ചുനൽകുകയോ ചെയ്തില്ല. ഇതേത്തുടർന്ന് ഇന്ദർചന്ദ് പോലീസിൽ പരാതി നൽകി.
കേസിൽ അന്വേഷണം നടത്തിയ പോലീസ് കാസർകോട്ടെത്തിയാണ് അലിയെ അറസ്റ്റുചെയ്തത്. കാസർകോട് ടൗണിൽ പോസ്റ്റ് ഓഫീസിനു സമീപം എമിറേറ്റ്സ് റീജൻസി എന്ന പേരിൽ അലി നടത്തിവന്ന ലോഡ്ജിൽനിന്നാണ് പിടികൂടിയത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
സ്വർണക്കട്ടി കഷണങ്ങളാക്കി ബെംഗളൂരുവിൽ വിൽപ്പന നടത്തിയതായും അറിയിച്ചു. അരക്കിലോ സ്വർണം ഒരാൾക്ക് വിറ്റു. ബാക്കി അരക്കിലോ കഷണങ്ങളാക്കി പലർക്കായി വിൽപ്പന നടത്തിയതായാണ് ഇയാളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെത്തി തിരച്ചിൽ നടത്തിയ പോലീസ് ഇയാൾ വിറ്റ അരക്കിലോ സ്വർണം കണ്ടെടുത്തു.
25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ടെടുത്തത്. സ്വർണം വിറ്റ പണം കൊണ്ട് ഇയാൾ വാങ്ങിയ 20 ലക്ഷം രൂപ വിലവരുന്ന കാറും പിടിച്ചെടുത്തു. മൈസൂരു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.