ബെംഗളൂരു: സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിനെത്തുടർന്നുണ്ടായ അക്രമത്തിലെ നാശനഷ്ടം കണക്കാക്കാൻ ഹൈക്കോടതി മുൻ ജഡ്ജി എച്ച്.എസ്. കെംപണ്ണയെ കമ്മിഷണറായി നിയമിച്ച് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് 11-ന് നടന്ന അക്രമത്തിലെ നാശനഷ്ടം കണക്കാക്കുന്നതിന് ക്ലെയിംസ് കമ്മിഷണറെ നിയോഗിക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കമ്മിഷണറെ നിയമിച്ചുള്ള വിജ്ഞാപനമിറക്കാനും ആവശ്യമായ സൗകര്യമൊരുക്കാനും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ, ജസ്റ്റിസ് അശോക് കിനഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.

കമ്മിഷണറെ നിയമിച്ച കാര്യം പൊതുജനങ്ങളെ അറിയിക്കണമെന്നും എല്ലാവർക്കും നാശനഷ്ടത്തിന്റെ വിവരങ്ങൾ കൈമാറുന്നതിന് അവസരം നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി. അക്രമത്തെക്കുറിച്ചുള്ള വീഡിയോയും മറ്റ് തെളിവുകളും കമ്മിഷണർക്ക് കൈമാറാനും സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

നാശനഷ്ടം പ്രതികളിൽനിന്ന് ഈടാക്കാനാണ് സർക്കാർ തീരുമാനം. അക്രമത്തിൽ സ്വകാര്യ, പൊതുസ്വത്തുകൾക്കുണ്ടായ നാശനഷ്ടമാണ് കണക്കാക്കുന്നത്. 2010-ൽ കർണാടക ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായ കെംപണ്ണ 17 വർഷത്തോളം ജില്ലാ സെഷൻസ് ജഡ്ജിയായിരുന്നു. ആർക്കാവതി ലേ ഔട്ടിനായി സ്ഥലം ഏറ്റെടുത്തുള്ള വിജ്ഞാപനം റദ്ദാക്കിയെന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്താൻ നിയോഗിച്ചതും മുൻ ഹൈക്കോടതി ജഡ്ജി കെംപണ്ണയെയായിരുന്നു.

സാമൂഹികമാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിനെത്തുടർന്ന് ഡി.ജെ. ഹള്ളി, കെ.ജി. ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അക്രമത്തിൽ നൂറുകണക്കിന് വാഹനങ്ങൾ കത്തിച്ചിരുന്നു. പുലികേശി നഗർ കോൺഗ്രസ് എം.എൽ.എ. അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിനെ നേരെയും അക്രമം നടന്നു. മൂന്ന് കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് ശ്രീനിവാസ മൂർത്തിയുടെ പരാതി.

അക്രമികൾക്കെതിരേ പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചിരുന്നു. സംഭവത്തിൽ 400- ഓളം പേരാണ് അറസ്റ്റിലായത്. ഇതിൽ 61 പേർക്കെതിരേ യു.എ.പി.എ. കുറ്റം ചുമത്തിയിരുന്നു. അറസ്റ്റിലായ 25 പേർക്ക് ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. സംഭവത്തിൽ മജിസ്‌ട്രേറ്റുതല അന്വേഷണം നടന്നുവരികയാണ്.