ന്യൂഡൽഹി: ഈ വർഷത്തെ സെൻസസിൽ ജാതിതിരിച്ചുള്ള കണക്കെടുപ്പുണ്ടാകില്ല എന്ന കേന്ദ്രസർക്കാർ നിലപാടിനെതിരേ എൻ.ഡി.എ.യിൽ മുറുമുറുപ്പ് കൂടുന്നു. ഘടകകക്ഷികളായ ജനതാദൾ (യു), അപ്‌നാദൾ, ആർ.പി.ഐ.(എ) എന്നിവ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാക്കി.

ജനതാദൾ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഇക്കാര്യം പരസ്യമായിത്തന്നെ ആവശ്യപ്പെട്ടു. സമാനമനസ്‌കരായ പാർട്ടികളുമായി കൂടിയാലോചിച്ച് ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും പറഞ്ഞു.

ജാതിസെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ 10 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധിസംഘം ഓഗസ്റ്റ് 23-ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകിയിരുന്നു. നിതീഷിന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുൾപ്പെടെയുള്ള 11 നേതാക്കളാണ് രാഷ്ട്രീയ അഭിപ്രായവ്യത്യാസം മറന്ന് ആവശ്യം ഉന്നയിക്കാനെത്തിയത്. അതുകൊണ്ടുതന്നെ ബിഹാറിലെ ബി.ജെ.പി. നേതാക്കളുമായി ഇപ്പോൾത്തന്നെ അസ്വാരസ്യങ്ങളുള്ള നിതീഷിന്റെ രാഷ്ട്രീയകരുനീക്കങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജാതിരാഷ്ട്രീയം ഏറെ നിർണായകമായ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ജനതാദൾ യു-വിനു പിന്നാലെ അപ്‌നാദളും ആർ.പി.ഐ.(എ)യും ജാതി സെൻസസ് ആവശ്യപ്പെട്ടിരുന്നു. ജാതിസെൻസസ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജനസംഖ്യയിലെ ഓരോ വിഭാഗത്തിന്റെയും കൃത്യമായ കണക്ക്, പ്രത്യേകിച്ച്, മറ്റു പിന്നാക്കവിഭാഗങ്ങളുടേത് അറിയാൻ അതുകൊണ്ട് സാധിക്കുമെന്നുമായിരുന്നു അപ്‌നാദൾ (എസ്) വർക്കിങ് പ്രസിഡന്റ് ആശിഷ് പട്ടേലിന്റെ വാദം.

സെൻസസിൽ ഒ.ബി.സി. വിഭാഗത്തിന്റെ കണക്ക് പ്രത്യേകമായി ഉൾപ്പെടുത്തരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഈ മാസം 23-ന് ആവശ്യപ്പെട്ടിരുന്നു. ഒ.ബി.സി. വിഭാഗങ്ങളുടെ വിവരംകൂടി സെൻസസിൽ ഉൾപ്പെടുത്തണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്.

നിതീഷും സംഘവും നൽകിയ നിവേദനത്തിൽ പ്രധാനമന്ത്രി എന്തെങ്കിലും മറുപടിനൽകുംമുമ്പാണ് ജാതിസെൻസസിന് അനുകൂലമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. ഇതിനുപിന്നാലെ തങ്ങളുടെ പാർട്ടികളിൽ വിവിധ സാമൂഹിക വിഭാഗങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകാതെയാണ് പ്രതിപക്ഷകക്ഷികൾ ജാതിസെൻസസിനെക്കുറിച്ച് പറയുന്നതെന്ന് ബി.ജെ.പി. വക്താവ് സുധാംശു ത്രിവേദി ആരോപിച്ചിരുന്നു.