ബെംഗളൂരു: നിക്ഷേപത്തിന് ഉയർന്ന പലിശ വാഗദ്ാനം നൽകി മലയാളി സംഘം 1.8 കോടി രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി. കൊല്ലം സ്വദേശി ടെറൻസ് ആന്റണി, കൂട്ടാളികളായ സനീഷ്, ഡയാന, ജോൺ, ജോയ്, ജോൺസൻ, വിനു എന്നിവർക്കെതിരെയാണ് വൈറ്റ്ഫീൽഡിലെ താമസക്കാരിയായ യുവതി പരാതി നൽകിയത്. പരാതിയിൽ സൈബർ ക്രൈം പോലീസ് അന്വേഷണം തുടങ്ങി.

ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബർ 19-നുമിടയിലാണ് 35-കാരിയായ യുവതിയും സുഹൃത്തുക്കളും 1.8 കോടി രൂപ ടെറൻസ് ആന്റണിയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിൽ നിക്ഷേപിച്ചത്. പ്രതിമാസം ഉയർന്ന പലിശ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ നിക്ഷേപത്തിന് പലിശ ലഭിച്ചിരുന്നു. തുടർന്നാണ് കൂടുതൽ തുക നിക്ഷേപിക്കാൻ യുവതി തയ്യാറായത്. പിന്നീട് പലിശയിനത്തിൽ തുകയൊന്നും ലഭിച്ചില്ല. ഇതോടെ ടെറൻസ് ആന്റണിയുടെ കൊല്ലത്തെ വീട്ടിലെത്തി യുവതിയും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും ഇയാൾ താമസം മാറിയിരുന്നു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

‘പണം നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ഫോണിലൂടെ ബന്ധപ്പെട്ടത് സനീഷാണ്. പിന്നീടാണ് ബെംഗളൂരു ബ്രാഞ്ചിന്റെ മാനേജർ എന്ന നിലയിൽ ടെറൻസ് ആന്റണിയെ പരിചയപ്പെടുത്തിയത്. ഇയാളുമായി സംസാരിച്ചതനുസരിച്ച് പണം നിക്ഷേപിച്ചു. പിന്നീട് സുഹൃത്തുക്കളെക്കൊണ്ടും കുടുംബാംഗങ്ങളെക്കൊണ്ടും നിക്ഷേപം നടത്തിക്കുകയായിരുന്നു’.- യുവതിയുടെ പരാതിയിൽ പറയുന്നു.