ചെന്നൈ: തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്) എഴുതിയ എല്ലാ വിദ്യാർഥികൾക്കും കൗൺസലിങ് നൽകും. പരാജയഭീതിയിൽ വിദ്യാർഥികൾ ആത്മഹത്യചെയ്യുന്നത് വർധിച്ചതോടെയാണ് നടപടി. കൗൺസലിങ്ങിനായി മാനസികാരോഗ്യ വിദഗ്ധരെ നിയോഗിച്ചു.

ഈ വർഷം 1.10 ലക്ഷത്തിലേറെ വിദ്യാർഥികളാണ് സംസ്ഥാനത്ത് നീറ്റ് എഴുതിയത്. ഇവരിൽ 80 ശതമാനം പേരുമായും കൗൺസലർമാർ സംസാരിച്ചിട്ടുണ്ട്. ഇവർക്കിനി വിശദമായ കൗൺസലിങ് നൽകുമെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. ഇത്തവണ സംസ്ഥാനത്ത് നീറ്റ് പരീക്ഷ എഴുതിയ മൂന്നു വിദ്യാർഥികൾ പരാജയഭീതിയെത്തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. സെപ്റ്റംബർ 12-ന് പരീക്ഷ എഴുതിയവർ അതിനടുത്ത ദിവസങ്ങളിൽത്തന്നെ ജീവനൊടുക്കുകയായിരുന്നു.

പ്ലസ്ടുവിന് മികച്ച വിജയം നേടിയവരായിരുന്നു ജീവനൊടുക്കിയ വിദ്യാർഥികൾ. ഇതോടെയാണ് മാനസികാരോഗ്യ വിദഗ്ധരെ ഉപയോഗിച്ച് എല്ലാ വിദ്യാർഥികൾക്കും കൗൺസലിങ് നൽകാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനത്തിന് നീറ്റ് ഒഴിവാക്കാൻ നിയമഭേദഗതി ബിൽ നിയമസഭ പാസാക്കിയിട്ടുണ്ട്. ഇത് ഗവർണറുടെ പരിഗണനയിലാണ്. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട ഭേദഗതിയായതിനാൽ രാഷ്ട്രപത്രിയുടെ അംഗീകാരം ലഭിച്ചാലേ ഇത് പ്രാബല്യത്തിൽ വരൂ.