മുംബൈ: തിരഞ്ഞെടുപ്പു വേളയിൽ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം.) നേതാവ് അസദുദ്ദീൻ ഒവൈസി ബി.ജെ.പി.യുടെ കൈയിലെ ആയുധമാണെന്ന് ശിവസേന കുറ്റപ്പെടുത്തി.

മുസ്‌ലിം വോട്ട് ഭിന്നിപ്പിച്ചും ഹിന്ദു വോട്ട് ഏകീകരിപ്പിച്ചും ബി.ജെ.പി.യുടെ ജയമുറപ്പാക്കുന്നതിനുവേണ്ടി കരാർ ഏറ്റെടുത്തിട്ടുള്ള സംഘമാണ് ഒവൈസിയുടെ പാർട്ടിയെന്ന് ശിവസേനാ മുഖപത്രമായ സാമ്‌ന തിങ്കളാഴ്ച മുഖപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. രാജ്യത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു വിജയങ്ങളുടെ അണിയറ ശില്പികളിൽ ഒരാളാണ് ഒവൈസിയെന്നും അദ്ദേഹത്തെ മുസ്‌ലിം സമൂഹം മനസ്സിലാക്കാൻ തുടങ്ങിക്കഴിഞ്ഞെന്നും മുഖപ്രസംഗം പറയുന്നു.

അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശിൽ നടത്തിയ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവസേന ഒവൈസിയെ വിമർശിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒവൈസി യു.പി.യിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ ‘പാകിസ്താൻ സിന്ദാബാദ്’ എന്നു മുദ്രാവാക്യം മുഴക്കി. ഇതിനു മുമ്പു കേട്ടിട്ടില്ലാത്ത ഈ മുദ്രാവാക്യം എങ്ങനെയാണ് യു.പി.യിൽ ഇപ്പോൾ ഉയർന്നത്. മുസ്‌ലിങ്ങൾക്കു നേരെയുള്ള വിവേചനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും ഒവൈസിയുടെ പ്രായോജകർ വേറെയാളുകളാണ്. സാമുദായിക ധ്രുവീകരണമുണ്ടാക്കി ബി.ജെ.പി.യുടെ ജയമുറപ്പിക്കുകയാണ് ഒവൈസിയുടെ ലക്ഷ്യം. പാകിസ്താന്റെ പേരുപയോഗിക്കാതെ ഭരണകക്ഷിക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്നുണ്ടോ -മുഖപ്രസംഗം ചോദിക്കുന്നു.

എല്ലാ തിരഞ്ഞെടുപ്പിലും ഈ വിഭജനതന്ത്രം ഒവൈസി പയറ്റുന്നുണ്ടെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. ഒവൈസിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ബിഹാറിന്റെ ഭരണം തേജസ്വി യാദവിന്റെ കൈയിലാകുമായിരുന്നു. ഒവൈസിയെപ്പോലെ പിന്നിൽനിന്നു കളിക്കുന്ന നേതാക്കളെ കാലാകാലങ്ങളിൽ ഉയർത്തിക്കൊണ്ടുവരാറുണ്ട്. ആവശ്യം കഴിയുമ്പോൾ നശിപ്പിക്കാറുമുണ്ട്. രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് വന്നാലേ മുസ്‌ലിം സമുദായത്തിന് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനാവുവെന്നു പ്രഖ്യാപിക്കുമ്പോഴേ ഒവൈസി യഥാർഥ നേതാവാകൂ. -മുഖപ്രസംഗം പറയുന്നു.