ബുലന്ദ്ശഹർ (യു.പി.): മുത്തലാഖ് ചൊല്ലിയിട്ടും ബന്ധം വേർപെടുത്താൻ സമ്മതിക്കാത്ത ഭാര്യയെ ഒഴിവാക്കാൻ മകളെ കൊലപ്പെടുത്തി കുറ്റം അവരുടെമേൽ ചുമത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ രണ്ട് കൂട്ടാളികളും അറസ്റ്റിലായി.

ബുലന്ദ്ശഹറിലെ മുസമ്മിൽ ഷമദ്-ശബ്നം ദമ്പതിമാരുടെ മകൾ എഴുവയസ്സുള്ള സബയെ ഈമാസം 19-നാണ് കഴുത്തറത്തു കൊന്ന നിലയിൽ കണ്ടത്. ശബ്നം നൽകിയ പരാതിയിൽ മുസമ്മിൽ ഷമദ്, സഹോദരൻ മുദാസിർ, അയൽവാസിയായ അമീർ എന്നിവരെ അറസ്റ്റ് ചെയ്തു.

സബയെ മുദാസിർ ചുറ്റിക കൊണ്ടടിക്കുകയും അമീർ കഴുത്തറക്കുകയും ചെയ്യുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ബുലന്ദ്ശഹർ എസ്.പി. സന്തോഷ് കുമാർ സിങ് പറഞ്ഞു. ഡൽഹിയിൽ ടാക്സി ഡ്രൈവറായ ഷമദ് കൊലയിലെ പങ്ക് സംശയിക്കാതിരിക്കാൻ അവിടെത്തുടർന്നു. കൃത്യനിർവഹണത്തിന് അമീറിന് 8,000 രൂപയും മദ്യവും നൽകിയെന്നും സിങ് പറഞ്ഞു.

2010-ലാണ് ശബ്നവും ഷമദും വിവാഹിതരായത്. 2014-ൽ ശബ്നത്തിന്റെ അസാന്നിധ്യത്തിൽ അവരെ മുത്തലാഖ് ചൊല്ലി ഷമദ് മറ്റൊരു വിവാഹം കഴിച്ചു. ശബ്നത്തെ വീട്ടിൽനിന്നിറക്കിവിടാനും നോക്കി. 2018-ൽ ശബ്നത്തിനുനേരെ നടത്തിയ ആസിഡ് ആക്രമണവും പരാജയപ്പട്ടു. തുടർന്നാണ് മകളെ കൊന്ന് കുറ്റം ശബ്നത്തിന്റെ പേരിലാക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ടുവർഷം മുമ്പ് ശബ്നത്തിന്റെ മകനും ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.

ആസിഡ് ആക്രമണ ശ്രമത്തെക്കുറിച്ച് ശബ്നം പോലീസിൽ പരാതി നൽകിയിരുന്നെന്ന് എസ്.പി. സമ്മതിച്ചു. ഷമദിനെതിരേ തെളിവില്ലാഞ്ഞതിനാൽ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.