മുംബൈ: സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ശിവസേനാ നേതാവ് ആനന്ദ് റാവു അഡ്‌സുലിന്റെ ഓഫീസിൽ തിങ്കളാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തി. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഡ്‌സുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈയിലെ സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിൽ നടന്ന 980 കോടി രൂപയുടെ വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൊഴിനൽകാൻ തിങ്കളാഴ്ച എത്തണമെന്നാവശ്യപ്പെട്ട് അഡ്‌സുലിനും മകൻ അഭിജീത് അഡ്‌സുലിനും ഇ.ഡി. നോട്ടീസ് അയച്ചിരുന്നു. ഡൽഹിയിൽ നേരത്തേ നിശ്ചയിച്ച പരിപാടിയുള്ളതുകൊണ്ട് തിങ്കളാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് അഡ്‌സുൽ ഇ.ഡി.യെ അറിയിച്ചു. ഇതിനു മറുപടിയൊന്നും നൽകാതെ തിങ്കളാഴ്ച രാവിലെത്തന്നെ ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡിന് എത്തുകയായിരുന്നു.

റെയ്ഡിനിടെ അഡ്‌സുലിനെ കസ്റ്റഡിയിലെടുത്ത ഇ.ഡി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി ഓഫീസിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് അഡ്‌സുലിനെ ഗൊരേഗാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16-ാം ലോക്‌സഭയിൽ അമരാവതി മണ്ഡലത്തിൽനിന്നുള്ള അംഗമായിരുന്ന അഡ്‌സുൽ സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയർമാനായിരുന്നു.

ബാങ്കിലെ വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. മതിയായ ഈടില്ലാതെ ബാങ്കിൽനിന്ന് വൻതുക വായ്പ നൽകിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇങ്ങനെ വായ്പയെടുത്തവരിൽ അഡ്‌സുലും മകൻ അഭിജിത്തും ഉൾപ്പെടുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് ഇ.ഡി. അദ്ദേഹത്തിനെതിരേ തിരിഞ്ഞത്. ഈ കേസിൽ അഡ്‌സുലിന്റെ ഓഫീസിൽ നടക്കുന്ന രണ്ടാമത്തെ റെയ്ഡാണിത്.

മുംബൈ നഗരത്തിൽ 14 ശാഖകളുള്ള സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിൽ 90,000 നിക്ഷേപകരുണ്ട്. വായ്പ ക്രമക്കേടു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2018 ഏപ്രിൽ മുതൽ ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.