ന്യൂഡൽഹി: ഇ കൊമേഴ്സ് ഭീമനായ ആമസോൺ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ രണ്ടാം പതിപ്പാണെന്ന് ആർ.എസ്.എസ്. അനുബന്ധപ്രസിദ്ധീകരണമായ ‘പാഞ്ചജന്യ’.

ഏറ്റവും പുതിയ ലക്കത്തിന്റെ മുഖലേഖനത്തിലാണ് ആമസോണിനെതിരെ രൂക്ഷവിമർശനമുയർത്തുന്നത്. ആഴ്ചകൾക്കുമുൻപ് ആദായനികുതി പോർട്ടലിലെ പാളിച്ചകളുടെ പേരിൽ ഇൻഫോസിസ് ദേശവിരുദ്ധസ്ഥാപനമാണെന്ന് ആരോപിച്ചുകൊണ്ട് ‘പാഞ്ചജന്യ’ മുഖലേഖനം പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.

‘ഈസ്റ്റ് ഇന്ത്യ കമ്പനി-2.0’ എന്ന ശീർഷകത്തിലുള്ള ലേഖനത്തിൽ, അഴിമതി നടത്തിക്കൊണ്ട് ഇന്ത്യയിൽ വളർച്ച ഉറപ്പാക്കാനാണ് ആമസോണിന്റെ ശ്രമമെന്ന് ആരോപിക്കുന്നു. 18-ാം നൂറ്റാണ്ടിൽ ഇന്ത്യ പിടിച്ചടക്കാൻ ഈസ്റ്റ് ഇന്ത്യാ കമ്പനി എന്തൊക്കെ ചെയ്തുവോ, അതേ രീതിയിലുള്ള പ്രവർത്തനങ്ങളാണ് യു.എസ്. ആസ്ഥാനമായ ആമസോൺ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രൈം വീഡിയോസിലൂടെ ഈ കമ്പനി ഹിന്ദു മൂല്യങ്ങളെ അപമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

2018-20ൽ കേസ് നടത്തിപ്പിനും മറ്റുമായി ആമസോൺ 8,546 കോടി രൂപ ചെലവിട്ടെന്ന വിവരം ഈയിടെ പുറത്തുവന്നിരുന്നു. ഈ ഭീമൻതുകയിൽ വലിയപങ്കും കൈക്കൂലി നൽകാനാണ് വിനിയോഗിച്ചതെന്നാണ് ആരോപണം. ഇതേക്കുറിച്ച് ആമസോൺ ആഭ്യന്തരാന്വേഷണം നടത്തുന്നുണ്ട്. കേന്ദ്രസർക്കാർ തലത്തിലും അന്വേഷണം നടക്കുമെന്നാണ് ഔദ്യോഗികവിവരം. ഈ സംഭവമാണ് പാഞ്ചജന്യ ലേഖനത്തിന് ആധാരമാക്കിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ കുത്തക ഉറപ്പിക്കാനാണ് ആമസോണിന്റെ നീക്കമെന്ന് ലേഖനം ആരോപിക്കുന്നു. അതിനായി അവർ രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, വ്യക്തിഗത സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നു. മറയായി ഷെൽ കമ്പനികൾ രൂപവത്കരിച്ച് ഓൺലൈൻ വ്യാപാരം നടത്തി ഇന്ത്യയിലെ ചെറുകിട വ്യാപാരമേഖലയെ തകർക്കാനാണ് കമ്പനിയുടെ നീക്കമെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

ആമസോൺ പൊടിച്ച സഹസ്ര കോടികൾ സർക്കാരിലെ ഉന്നതർക്കും ഭരണകക്ഷി നേതാക്കൾക്കുമാണ് ലഭിച്ചിരിക്കുകയെന്ന് ഉറപ്പാണെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും നേരത്തേ കോൺഗ്രസ് പറഞ്ഞിരുന്നു.

ആരോപണം വസ്തുതാവിരുദ്ധം -ആമസോൺ

ഇന്ത്യയിലെ ചെറുകിട വ്യാപാരികളെ തകർക്കുകയാണെന്ന ആരോപണം ആമസോൺ നിഷേധിച്ചു. ചെറുകിട വ്യാപാരശൃംഖലയെ ശക്തമാക്കുന്ന രീതിയിലാണ് തങ്ങളുടെ പ്രവർത്തനം. വ്യാപാരികൾക്കൊപ്പം കരകൗശലക്കാരും വിതരണക്കാരും കടത്തുകാരുമൊക്കെ ഇതിൽ പങ്കാളികളാണ്. കോവിഡ് കാലത്തു മാത്രം മൂന്നു ലക്ഷം വ്യാപാരികളാണ് തങ്ങൾക്കൊപ്പം ചേർന്നതെന്നും ആമസോൺ വക്താവ് പത്രക്കുറിപ്പിൽ അവകാശപ്പെട്ടു.