കൊൽക്കത്ത: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്തിയ ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെതിരേ കൈയേറ്റശ്രമം. ഘോഷിന്റെ അംഗരക്ഷകൻ സംഭവത്തിനിടെ തോക്കെടുത്തു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിച്ച തിങ്കളാഴ്ച ഘോഷും അണികളും നടത്തിയ റാലിക്കിടെയാണ് സംഘർഷം. ഒരുസംഘം തൃണമൂൽ പ്രവർത്തകർ ഇവരെ വളഞ്ഞുവെച്ച് മുദ്രാവാക്യം മുഴക്കി. വലയം ഭേദിച്ച് മുന്നോട്ടുനീങ്ങാൻ ബി.ജെ.പി. പ്രവർത്തകർ ശ്രമിച്ചതോടെ ഉന്തുംതള്ളുമായി. ഇതിനിടെ അടിയേറ്റ് ഒരു ബി.ജെ.പി. പ്രവർത്തകന്റെ തലപൊട്ടി. ദിലീപ് ഘോഷിനെയും പിടിച്ചുതള്ളിയതായി ബി.ജെ.പി. പ്രവർത്തകർ ആരോപിച്ചു.

അതേസമയം, ഘോഷിന്റെ അംഗരക്ഷകൻ തോക്കെടുത്ത് ഭീഷണി മുഴക്കിയതിനെത്തുടർന്നാണ് ഉന്തുംതള്ളുമുണ്ടായതെന്ന് തൃണമൂൽ ആരോപിച്ചു. തോൽവി ഉറപ്പായ ബി.ജെ.പി. സംഘർഷമുണ്ടാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

തിങ്കളാഴ്ച ബി.ജെ.പി. നേതാവ് അർജുൻസിങ്ങിന്റെ പ്രചാരണത്തിനിടെ തൃണമൂൽ അണികൾ ‘ഗോ ബാക്ക്’ വിളികളുമായി എത്തിയതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് കേന്ദ്രസേനാംഗങ്ങൾ എത്തി എം.പി.ക്ക് സംരക്ഷണം നൽകുകയായിരുന്നു.