കൊൽക്കത്ത: ഗോവാ മുൻ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫലെയ്റോ കോൺഗ്രസ് വിട്ടു. എം.എൽ.എ. സ്ഥാനം രാജിവെച്ച അദ്ദേഹം ഉടൻ തൃണമൂൽ കോൺഗ്രസിൽ ചേരും.

നിലവിൽ ബി.ജെ.പി. നേരിട്ടെതിർക്കുന്ന ഒരേയൊരാൾ മമതാ ബാനർജിയാണെന്ന് രാജിക്കുശേഷം നടത്തിയ പ്രസ്താവനയിൽ ഫലേയ്റോ പറഞ്ഞു. “തെരുവു പോരാളിയാണവർ. അത്തരം നേതൃത്വത്തെയാണ് നമുക്ക് ഇന്നത്തെ അവസ്ഥയിൽ ആവശ്യം” - അദ്ദേഹം പറഞ്ഞു.

ഫലെയ്റോയെ തൃണമൂലിലേക്കു സ്വാഗതം ചെയ്യാൻ ദേശീയ വക്താവ് ഡെറക് ഒബ്രയൻ എം.പി. ഗോവയിലെത്തി. അടുത്തവർഷം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുമെന്ന് ഒബ്രയൻ മാധ്യമങ്ങളോട് പറഞ്ഞു.

നാവ് ലിം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യായിരുന്ന ഫലെയ്റോയെ ഈയിടെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷനാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ രാജിയോടെ നിയമസഭയിലെ കോൺഗ്രസ് അംഗബലം നാലായി ചുരുങ്ങി. ആകെയുണ്ടായിരുന്ന 17 എം.എൽ.എ. മാരിൽ 10 പേർ നേരത്തേ ബി.ജെ.പി.യിൽ ചേർന്നിരുന്നു.