മുംബൈ: നർക്കോട്ടിക്സ്‌ കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) സോണൽ ഡയറക്ടർ സമീർ വാംഖഡെയുടെ പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ അസിസ്റ്റന്റ്‌ പോലീസ്‌ കമ്മിഷണർ മിലിന്ദ്‌ ഖട്‌ലയെ മുംബൈ പോലീസ്‌ നിയോഗിച്ചു. വാംഖഡെയുടെ പേരിൽ നാലുപരാതികൾ മുംബൈയിലെ നാല്‌ പോലീസ്‌ സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ടെന്ന്‌ സിറ്റി പോലീസ്‌ അറിയിച്ചു. അദ്ദേഹത്തിന്റെ പേരിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പോലീസ്‌ വ്യക്തമാക്കി.

ഷാരൂഖ്‌ ഖാന്റെ മകൻ ആര്യൻഖാൻ ഉൾപ്പെടുന്ന ലഹരിമരുന്നുകേസിൽ സാക്ഷിയായ പ്രഭാകർ സെയ്‌ലാണ്‌ വാംഖഡെയുടെ പേരിൽ ആരോപണവുമായി പ്രധാനമായും രംഗത്തുവന്നത്‌. പ്രഭാകറിന്‌ മുംബൈ പോലീസ്‌ സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്‌. ആര്യനെ അറസ്റ്റുചെയ്തതിനുപിന്നാലെ സ്വകാര്യ ഡിറ്റക്ടീവ്‌ എന്നവകാശപ്പെട്ട്‌ എൻ.സി.ബി. സംഘത്തിനൊപ്പമെത്തിയ കിരൺ ഗോസാവി വാംഖഡെയ്ക്കുവേണ്ടി കോഴ ചോദിച്ചുവെന്നാണ്‌ പ്രഭാകർ സെയ്‌ലിന്റെ വെളിപ്പെടുത്തൽ. ഷാരൂഖിൽനിന്ന് 25 കോടി രൂപ ആവശ്യപ്പെട്ടെന്നും 18 കോടിക്ക്‌ തീർപ്പാക്കണമെന്നും എട്ടുകോടി വാംഖഡെയ്ക്കുള്ളതാണെന്നും ഒത്തുതീർപ്പിന്‌ മുൻകൈയെടുത്ത പ്രധാനസാക്ഷി ഗോസാവി ഫോണിൽ പറയുന്നതുകേട്ടുവെന്നാണ് പ്രഭാകറിന്റെ ആരോപണം. ഗോസാവി തന്ന 38 ലക്ഷം രൂപ സാം ഡിസൂസ എന്ന വ്യക്തിക്ക്‌ കൈമാറിയത്‌ താനാണെന്നും പ്രഭാകർ അവകാശപ്പെട്ടു. അന്വേഷണോദ്യോഗസ്ഥർ, ഒന്നുമെഴുതാത്ത വെള്ളക്കടലാസ്സിൽ ഒപ്പിട്ടുവാങ്ങിച്ചെന്നാണ് പ്രഭാകറിന്റെ മറ്റൊരാരോപണം.

ആരോപണങ്ങൾ നിഷേധിച്ച് വാംഖഡെ

മുംബൈ: ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്നുകേസിന്റെ അന്വേഷണച്ചുമതലയിലുള്ള സമീർ വാംഖഡെയെ എൻ.സി.ബി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ധ്യാനേശ്വർ സിങ്ങിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിജിലൻസ് സംഘം ബുധനാഴ്ച ചോദ്യംചെയ്തു. തനിക്കുനേരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നായിരുന്നു വാംഖഡെയുടെ മറുപടി. ബന്ധപ്പെട്ട രേഖകൾ വാംഖഡെ വിജിലൻസിന് കൈമാറി. സാക്ഷികളെ ചോദ്യംചെയ്തശേഷം വാംഖഡെയെ വേണമെങ്കിൽ വീണ്ടും ചോദ്യംചെയ്യും. എന്നാൽ, നിലവിൽ അന്വേഷണച്ചുമതലയിൽനിന്ന് മാറ്റില്ല. 18 കോടി രൂപയുടെ ഇടപാടുനടന്നെന്ന് ആരോപണമുന്നയിച്ച സാക്ഷി പ്രഭാകർ സെയ്ൽ വ്യാഴാഴ്ച എൻ.സി.ബി. വിജിലൻസ് സംഘത്തിനുമുന്നിൽ ഹാജരാകും.