ന്യൂഡൽഹി: ‘‘വന്ന കേരളത്തിലേക്കല്ല തിരിച്ചുപോകുന്നത്, വന്ന ഞാനുമല്ല തിരിച്ചുപോകുന്നത്. മാറിയ ഞാനാണ് മടങ്ങുന്നത്, മാറിയ കേരളത്തിലേക്ക്’’ -മുപ്പതുവർഷത്തെ ഡൽഹി ജീവിതത്തിന് തിരശ്ശീലയിട്ട് കേരളത്തിലേക്ക് മടങ്ങുന്ന കവി കെ. സച്ചിദാനന്ദൻ പറഞ്ഞു. നാട്ടിലേക്കും വീട്ടിലേക്കുമുള്ള മടക്കത്തിന് തൊട്ടുതലേദിവസം മധുവിഹാർ നീതി അപ്പാർട്ട്‌മെന്റിലെ വീട്ടിൽ ‘മാതൃഭൂമി’യോട് സംസാരിക്കുകയായിരുന്നു കേരളത്തിന്റെ പ്രിയകവി.

വ്യാഴാഴ്ച സച്ചിദാനന്ദൻ കൊച്ചിയിലേക്ക് മടങ്ങും. മകളുടെ വീട്ടിൽ ഒരു മാസത്തോളം തങ്ങിയശേഷം തൃശ്ശൂരിലെ വടൂക്കരയിൽ വാങ്ങിയ പുതിയ വീട്ടിൽ താമസം തുടങ്ങും.

എഴുത്തിന്റെയും വാക്കുകളുടെയും ചിന്തകളുടെയും ഭൂമിയായ ഡൽഹിയിലേക്ക് 1992-ലാണ് അദ്ദേഹം എത്തിയത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യൻ ലിറ്ററേച്ചർ മാസികയുടെ പത്രാധിപരായിട്ടായിരുന്നു തുടക്കം. 1994-ൽ സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി. 2006-ൽ വിരമിച്ചു. ശേഷം പത്തുവർഷത്തോളം സർഗാത്മകരംഗത്ത് വിവിധ മേഖലകളിലെ ജോലികളിൽ സജീവം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കൺസൾട്ടന്റ്, പ്രസാധനശാലകളിൽ പത്രാധിപർ തുടങ്ങി എഴുത്തുമായി ബന്ധപ്പെട്ട രംഗങ്ങളിൽ പ്രവർത്തിച്ചു. 70 വയസ്സുവരെ ജോലിചെയ്തശേഷം എഴുത്തിലേക്കും വായനയിലേക്കും മാത്രമായി മടങ്ങി.

ആരോഗ്യപ്രശ്നങ്ങളും ഡൽഹിയുടെ മാറിയ രാഷ്ട്രീയ-സാമൂഹികാന്തരീക്ഷങ്ങളും ഡൽഹി വിടാൻ എടുത്ത തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് സച്ചിദാനന്ദൻ പറയുന്നത്. കോവിഡിന്റെ രണ്ടാം വ്യാപനകാലത്താണ് നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയപ്പോൾ തീരുമാനമെടുത്തു -അദ്ദേഹം പറഞ്ഞു.

കാഴ്ചപ്പാടുകളെ മാറ്റിയ ഡൽഹി

: ഡൽഹി ജീവിതം തന്റെ എഴുത്തിനെയും വായനയെയും കാഴ്ചപ്പാടുകളെയും മാറ്റിത്തീർത്തതായി സച്ചിദാനന്ദൻ പറയുന്നു. ‘‘ഈ നഗരത്തിൽ എത്തിയശേഷം എന്റെ എഴുത്തിന്റെ രീതി മാറിയിട്ടുണ്ട്. ഇവിടെവരുന്ന എല്ലാവർക്കും ഉണ്ടാകുന്നതുപോലെ കാഴ്ചപ്പാട് വിശാലമായി. കേരളത്തിൽ കഴിയുമ്പോൾ പരിമിതികളുണ്ട്. അവിടത്തെ രാഷ്ട്രീയം, അതിന്റെ ചുറ്റുവട്ടം എന്നിവയിൽ പരിമിതപ്പെടേണ്ടിവരും. ദേശീയം എന്ന കാഴ്ചപ്പാടുണ്ടാകാൻ ഡൽഹി സഹായച്ചിട്ടുണ്ടെന്ന്’’ -അദ്ദേഹം ഓർമിക്കുന്നു.

ഡൽഹിയിൽ എത്തിയതുകൊണ്ട് പല ജീവിതം കാണാനും പല ഭാഷകളറിയാനും ഇന്ത്യയിലും വിദേശത്തും യാത്രചെയ്യാനും കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. ‘‘ആറ് ഭൂഖണ്ഡങ്ങളിലായി നാൽപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചു. കവിതാ വായനയും പ്രഭാഷണങ്ങളുമായുള്ള യാത്രകളായിരുന്നു. കേരളത്തിൽ മാത്രം ജീവിച്ചാൽ ഞാൻ ഒരിക്കലും ഇതുപോലെയാകില്ല. തീർച്ചയായും കേരളത്തിലായാലും വായിക്കുമായിരുന്നു. എന്നാലും വായനയിൽനിന്ന് കിട്ടാത്ത ചിലത് സാംസ്‌കാരികമായ ഇടപെടലിലൂടെ കിട്ടും. കേരളത്തിൽ എത്തിയാലും അത് നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ് എന്നോടുതന്നെയുള്ള എന്റെ പ്രതിജ്ഞ.’’ -സച്ചിദാനന്ദൻ പറയുന്നു.