ബെംഗളൂരു: ഗവർണറുടെ സന്ദർശനം പ്രമാണിച്ച് കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് അണക്കെട്ടിലെ വെള്ളം ഒഴുക്കിവിട്ട് വൈദ്യുതിവകുപ്പ്‌ ഉദ്യോഗസ്ഥർ. വെള്ളച്ചാട്ടത്തിന്റെ ഭംഗികൂട്ടാൻ കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ ലിംഗനമാക്കി അണക്കെട്ടിൽനിന്ന് വെള്ളമൊഴുക്കുകയായിരുന്നു. മൂന്നു മണിക്കൂേറാളം അധികജലം ഒഴുക്കിവിട്ടു.

ശിവമോഗയിലെ ജോഗ് വെള്ളച്ചാട്ടം സന്ദർശിക്കാൻ വ്യാഴാഴ്ച രാവിലെ 7.30-ഓടെയാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് എത്തിയത്. അദ്ദേഹത്തിനുമുമ്പിൽ വെള്ളച്ചാട്ടത്തിന്റെ മനോഹരകാഴ്ചയൊരുക്കാൻ ഉദ്യോഗസ്ഥർ നടത്തിയ ശ്രമം പക്ഷേ, ഫലം കണ്ടില്ല. അഞ്ചുകിലോമീറ്റർ മുകളിലുള്ള അണക്കെട്ടിൽനിന്ന് വെള്ളമൊഴുകി വെള്ളച്ചാട്ടത്തിലെത്തുന്നതിനുമുമ്പ് ഗവർണർ സന്ദർശനം കഴിഞ്ഞ് മടങ്ങിയിരുന്നു. അതേസമയം, വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം പാഴാക്കിയെന്ന് ഉദ്യോഗസ്ഥർക്കെതിരേ വിമർശനമുയർന്നു.

താഴെഭാഗത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാതെ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിലും പ്രതിഷേധമുയർന്നു. എന്നാൽ, വളരെക്കുറച്ചു വെള്ളം മാത്രമേ ഒഴുക്കിവിട്ടുള്ളൂ എന്ന് ശിവമോഗ ഡെപ്യൂട്ടി കമ്മിഷണർ കെ.ബി. ശിവകുമാർ പ്രതികരിച്ചു.

ശിവമോഗയിലെ കാർഷിക സർവകലാശാലയിൽ ബിരുദദാനച്ചടങ്ങിൽ സംബന്ധിക്കാനെത്തിയതായിരുന്നു ഗവർണർ. രാവിലെ എട്ടുമണിക്ക് അദ്ദേഹം ജോഗ് വെള്ളച്ചാട്ടം സന്ദർശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പക്ഷേ, അദ്ദേഹം അരമണിക്കൂർ നേരത്തെ വെള്ളച്ചാട്ട പ്രദേശത്തെത്തി കാഴ്ചകൾ കണ്ട് മടങ്ങി.