ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി. ചരിത്രപുസ്തകങ്ങളിൽ മുഗൾ രാജാക്കന്മാരെ പ്രകീർത്തിക്കുന്ന പാഠഭാഗങ്ങൾക്കു പകരം ഹിന്ദു രജപുത്ര ചക്രവർത്തി മഹാറാണാ പ്രതാപിനെപ്പോലുള്ളവരെക്കുറിച്ചു പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസകാര്യ പാർലമെന്ററി സമിതിയുടെ ശുപാർശ. ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ സമർപ്പിച്ച നിർദേശങ്ങളിലാണ് ഇത്.

മുഗൾ ഭരണാധികാരികളെ അതിശയോക്തി കലർത്തി പഠിപ്പിക്കുന്നതു കുറയ്ക്കണം. പകരം, സിഖു ഗുരുക്കന്മാരുടെ ചരിത്രവും പോരാട്ടങ്ങളും പാഠഭാഗങ്ങളിൽ കൂട്ടിച്ചേർക്കണം. മുഗൾ ചക്രവർത്തിമാരായ ഔറംഗസേബ്, ജഹാംഗീർ എന്നിവരുടെ മതപരമായ അസഹിഷ്ണുതയും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സിഖ് ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വവും ഉൾപ്പെടുത്തണം. മുഗൾ ഭരണാധികാരികളെ പ്രകീർത്തിക്കുന്നതിനു പകരം മഹാറാണാ പ്രതാപ്, ഭായ് ബിധി ചന്ദ്, ഭായ് പ്രതാപ് ജി, ഭായ് ബച്ചിതർ എന്നീ ഇന്ത്യൻ പോരാളികളെക്കുറിച്ചാണ് പഠിപ്പിക്കേണ്ടത്. കൂടാതെ, മുഗൾവംശവും ഹിന്ദു രജപുത്ര ചക്രവർത്തി മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഭരണവും തമ്മിലുള്ള താരതമ്യപഠനവും ഉൾക്കൊള്ളിക്കണം.- പാഠപുസ്തക പരിഷ്കാരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിൽ പാർലമെന്ററിസമിതി ശുപാർശ ചെയ്തു.

കെട്ടിടങ്ങളുടെ ചിത്രങ്ങളിൽ മുഗൾ വാസ്തുകലയിലുള്ളവ ഏറെയുണ്ടെന്നും ഇതേ കാലയളവിൽ സിഖ് ഉൾപ്പെടെയുള്ള മറ്റു മതങ്ങളും പുഷ്കലമായിരുന്നെന്നും സമിതി നിരീക്ഷിച്ചു. ഒമ്പതാം ക്ലാസിലെ ചരിത്രപുസ്തകത്തിൽ യൂറോപ്പിലെ സോഷ്യലിസവും റഷ്യൻ വിപ്ലവവും എന്ന അധ്യായത്തിലും കൂട്ടിച്ചേർക്കലുകൾ നിർദേശിച്ചു. കാറൽ മാർക്സിന്റെ സിദ്ധാന്തം പഠിപ്പിക്കുന്നതിനു മുമ്പ് വിദ്യാർഥികളെ ഗുരു നാനാക്കിന്റെ ആത്മീയ സോഷ്യലിസം പഠിപ്പിക്കണമെന്നാണ് മുഖ്യശുപാർശ. ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം എന്നിവയിൽ ഏതെങ്കിലുമൊന്നു പഠിപ്പിച്ചാൽ മതി. അന്താരാഷ്ട്ര ചരിത്രത്തിനു മുമ്പ് ദേശീയ ചരിത്രം പഠിപ്പിക്കണം.

ആറാം ക്ലാസിൽ പുരാതന ചരിത്രപാഠത്തിൽ രാമായണവും മഹാഭാരതവും ഉള്ളതിനാൽ തമിഴിലെ ചിലപ്പതികാരത്തെക്കുറിച്ചുള്ള വിവരണം വേണ്ടെന്നും പാർലമെന്ററി സമിതി നിർദേശിച്ചു.