അഗർത്തല: മക്കളെയും പോലീസുദ്യോഗസ്ഥനെയും ഉൾപ്പെടെ അഞ്ചുപേരെ ഇരുമ്പുവടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മാനസിക വെല്ലുവിളി നേരിടുന്നയാളെ പോലീസ് അറസ്റ്റുചെയ്തു.

ത്രിപുരയിലെ ഖോവായി ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെവ്രതലി സ്വദേശി പ്രദീപ് ദെബ്രോയ് ആണ് ആക്രമണം നടത്തിയത്. ഇയാളുടെ രണ്ട് പെൺമക്കൾ, സഹോദരൻ, പോലീസുദ്യോഗസ്ഥൻ, ഓട്ടോഡ്രൈവർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ദെബ്രോയുടെ ഭാര്യ, ഓട്ടോഡ്രൈവറുടെ മകൻ എന്നിവരുടെ നില ഗുരുതരമാണ്.

മക്കളെയും സഹോദരനെയും ദെബ്രോയി വീട്ടിൽവെച്ചാണ് ഇരുന്പുവടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയത്. തുടർന്ന് വീട്ടിൽനിന്ന് പുറത്തിറങ്ങി ഓട്ടോറിക്ഷാഡ്രൈവറെ റോഡിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്തുകയും മകനെ ആക്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പോലീസിനെതിരേയും പ്രതി ആക്രമണം നടത്തി. ഖോവായി പോലീസ് സ്റ്റേഷനിലെ സത്യജിത് മാലിക് എന്ന പോലീസുകാരനാണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡിബ്രോയ് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.