മുംബൈ: കോവിഡിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതിനെത്തുടർന്ന് അവിടെനിന്ന് മുംബൈയിൽ എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. മുംബൈ മേയർ കിഷോരി പെഡ്‌നേക്കറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ വൈറസിന്റെ ജനിതക ഘടന പരിശോധനയ്ക്ക് വിധേയമാക്കും. ഒമിക്രോൺ എന്ന പുതിയ വകഭേദമാണ് ദക്ഷിണാഫ്രിക്കയിലും മറ്റു ചില രാജ്യങ്ങളിലും കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതേത്തുടർന്ന് പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ വ്യാപനം തടയാനാണ് തീരുമാനമെടുത്തതെന്നും എല്ലാവരും സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണമെന്നും മേയർ അഭ്യർഥിച്ചു.

സർക്കാർ പുതിയ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തവർക്ക് മാത്രമേ പൊതു വാഹനങ്ങളിൽ സഞ്ചരിക്കാനും സർക്കാർ ഓഫീസുകൾ, മാളുകൾ തുടങ്ങി പൊതു സ്ഥലങ്ങളിൽ പോകാനും പാടുള്ളൂ. നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്നും 500 രൂപ പിഴയീടാക്കും. വാഹന ഉടമയ്‌ക്കോ സ്ഥാപന ഉടമയ്‌ക്കോ നിയമം ലംഘിച്ചാൽ 10,000 രൂപയായിരിക്കും പിഴ. വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് തുറന്ന സ്ഥലങ്ങളിൽ ഉൾക്കൊള്ളാവുന്നതിന്റെ 25 ശതമാനം പേർക്കും ഹാളുകളിൽ 50 ശതമാനം പേർക്കും മാത്രമായിരിക്കും അനുമതി. വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് കേന്ദ്ര സർക്കാറിന്റെ പുതിയ മാനദണ്ഡങ്ങൾ ബാധകമായിരിക്കും. രാജ്യത്തിനകത്തുനിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.-പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിലുള്ളവരോ ആയിരിക്കണം.