മുംബൈ: നാഗ്പുരിലെ ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്നായി 100 കോടിയോളംരൂപ തട്ടിയെടുത്ത രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. വിജയ് രാംദാസ് ഗുർണുലെ (35) ദേവേന്ദ്ര ഭീംറാവു ഗബ്ജിയെ(34) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടാളികളായ മറ്റ് ഒമ്പതുപേരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
വിജയും ദേവേന്ദ്ര 2015-ൽ സ്ഥാപിച്ച മെട്രോ വിഷൻ ബിൽഡ്‌കോം എന്ന കമ്പനിയാണ് 25,000-ത്തോളം പേരിൽനിന്ന് വലിയ ലാഭവിഹിതം നൽകുമെന്ന വാഗ്ദാനത്തിൽ നിക്ഷേപം സ്വീകരിച്ചത്. സർക്കാരിന്റെ ഒരു അനുമതിയും വാങ്ങാതെയാണ് ഇത്രയും കാലം കമ്പനി പ്രവർത്തിച്ചതെന്ന് നാഗ്പുർ സോൺ ഒന്ന് ഡി.സി.പി. നൂറുൾ ഹസ്സൻ പറയുന്നു. തുടക്കത്തിൽ 3000 രൂപ നിക്ഷേപിക്കാനായിരുന്നു കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിൽ നിക്ഷേപിക്കുന്നവർ മറ്റുമൂന്നുപേരെ ഈ പദ്ധതിയിൽ ചേർത്താൽ അവർക്ക് മാസം 730 രൂപവീതം നൽകുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ ഈ പണം നിക്ഷേപകർക്ക് നൽകുകയും ചെയ്തു. ഇതിനുപുറമേ മറ്റുനിക്ഷേപപദ്ധതികളും കമ്പനി അവതരിപ്പിച്ചിരുന്നു. പണം തിരികെക്കിട്ടുന്നതുമൂലം നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാൻ കമ്പനിക്ക് പ്രയാസമുണ്ടായില്ല. ഇതാണ് ഇത്രയധികം പേർ പണം നിക്ഷേപിക്കാൻ കാരണമായത്. എന്നാൽ, അടുത്തിടെ പണം ലഭിക്കാതെവന്നപ്പോഴാണ് പോലീസിൽ പരാതിയെത്തിയതും ഈ സംഘം അറസ്റ്റിലായതും.
ഇവർ തട്ടിയ പണത്തിൽ 48 ലക്ഷം രൂപ അമരാവതിയിലെ വിജയിന്റെ ഒരു ബന്ധുവിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തു. വീട്ടിനുള്ളിൽ ഒരു പെട്ടിയിലാക്കി കുഴിച്ചിട്ട അവസ്ഥയിലായിരുന്നു ഇത്. മറ്റുചില ഇടങ്ങളിൽനിന്ന് പണം കണ്ടെത്തുകയുണ്ടായി. ഇതുവരെ പോലീസ് 1.03 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡി.സി.പി. അറിയിച്ചു. അറസ്റ്റിലായവരുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും പോലീസ് മരവിപ്പിച്ചിരിക്കയാണ്. പണം എങ്ങോട്ടൊക്കെ കടത്തി എന്നറിയുന്നതിനായി സോഫ്റ്റ്‌വേർ വിദഗ്ധന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
നിക്ഷേപകർക്കായി എല്ലാ മാസവും വിജയ് നഗരത്തിലെ ഒരു സ്റ്റാർ ഹോട്ടലിൽ നറുക്കെടുപ്പ് സംഘടിപ്പിക്കാറുണ്ടെന്നും ഇതിൽ വിജയിക്കുന്നവർക്ക് കാറുകൾ, ബൈക്കുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ വിലപിടിച്ച സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നെന്നും പോലീസ് പറയുന്നു.