അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിലുള്ള കോവിഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തിൽ അഞ്ചു രോഗികൾ വെന്തുമരിച്ചു. 26 പേരെ രക്ഷപ്പെടുത്തി. ആനന്ദ് ബുൻഗ്ളോ ചൗക്കിലെ ഉദയ്ശിവാനന്ദ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ 12.30- ഓടെയാണ് അപകടം.
വെന്റിലേറ്ററിലെ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഡിസംബർ ഒന്നിന് സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
നാലുനിലകളിലുള്ള ആശുപത്രിയിൽ 31 കോവിഡ് രോഗികളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവരിൽ 11 പേർ ഒന്നാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അവരിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്. മൂന്നുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ മറ്റൊരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നവഴിയുമാണ് മരിച്ചത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ അരമണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കിയതായി രാജ്കോട്ട് പോലീസ് കമ്മിഷണർ മനോജ് അഗർവാൾ പറഞ്ഞു.
സമീപകാലത്ത് രണ്ടാം തവണയാണ് സംസ്ഥാനത്തെ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തമുണ്ടാകുന്നത്. ഓഗസ്റ്റിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ എട്ടു രോഗികൾ മരിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് രുപാണി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുബത്തിന് നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു. ദുരന്തത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ദുഃഖം രേഖപ്പെടുത്തി.