ഹൈദരാബാദ്: തെലങ്കാനയിൽ പത്തുപേർക്കുകൂടി വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 59 ആയി. ഇതിൽ ഒരാൾ രോഗം ഭേദമായി വീട്ടിലേക്ക് തിരിച്ചുപോയി.

500 വെന്റിലേറ്ററുകൾകൂടി സംസ്ഥാനസർക്കാർ ഓർഡർ ചെയ്തതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു പറഞ്ഞു. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്റർനാഷണൽ സ്റ്റേഡിയം ക്വാറന്റൈൻ കേന്ദ്രമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ 12,400 പേരെ ചികിത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്തുണ്ടെന്നും 60,000 പേരെവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം ബാധിച്ചവരിൽ ഹൈദരാബാദിലെ ദോമൽഗുഡയിലെ ഡോക്ടർദമ്പതിമാരും ഉൾപ്പെടും. ഇവർ രണ്ടുപേരും കൊറോണബാധിതരെ ചികിത്സിച്ചിട്ടില്ല. വിദേശത്തുനിന്ന് വന്നവരുമല്ല. എന്നാൽ, ഇവർ സംസ്ഥാനത്തെ പ്രശസ്തമായ ആരാധനാലയത്തിൽ ഈയിടെ പോയിരുന്നു.

കേന്ദ്രസർക്കാരിന്റെ സാമ്പത്തികപ്പാക്കേജിനെ ടി.ഡി.പി. അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പ്രശംസിച്ചു. ഇതൊരു സമയോചിത ഇടപെടലാണെന്നുപറഞ്ഞ അദ്ദേഹം കൊറോണ വൈറസിനെ തടുക്കാൻ രാജ്യത്തെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി സർക്കാരിന്റെ ഒപ്പംനിൽക്കണമെന്ന് ആഹ്വാനംചെയ്തു.