ന്യൂഡൽഹി: കൊറോണ വ്യാപനത്തിനെതിരേ അടിയന്തര ഘട്ടത്തിൽ ഇടപെടാനാവശ്യപ്പെട്ടാൽ ആറുമണിക്കൂറിനുള്ളിൽ സഹായം ലഭ്യമാക്കാൻ കരസേന സജ്ജമാണെന്ന് മേധാവി ജനറൽ എം.എം. നരവണെ. സൈന്യം രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയുള്ളതാണെന്നും ആവശ്യപ്പെടുമ്പോഴെല്ലാം അവർക്കതുനൽകാൻ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.

‘‘കൊറോണ വ്യാപനം സേനയുടെ പ്രവർത്തനസന്നദ്ധതയെ ഒരു രൂപത്തിലും ബാധിച്ചിട്ടില്ല. ഐസൊലേഷനായി ഫീൽഡ് ആശുപത്രികളിൽ 45 കിടക്കകളുള്ള വാർഡും 10 കിടക്കകളുള്ള ഐ.സി.യു.വും ആറുമണിക്കൂറിനുള്ളിൽ ഒരുക്കാനാവും. മെഡിക്കൽ സംഘത്തെയും ഇതിനായി വിന്യസിക്കും’’ -അദ്ദേഹം പറഞ്ഞു.

‘‘കോവിഡ് ബാധിച്ചവർക്കും സംശയിക്കുന്നവർക്കുമായുള്ള വൈദ്യസഹായത്തിനുള്ള അഭ്യർഥന വരുംദിവസങ്ങളിൽ സേനയ്ക്കകത്തും പുറത്തും കൂടാൻ സാധ്യതയുണ്ട്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങളടക്കം വർധിപ്പിക്കാൻ സേന ആവശ്യപ്പെട്ടുകഴിഞ്ഞു. മിലിട്ടറി ആശുപത്രികളിൽ നിരീക്ഷണവും ഐസൊലേഷനും ശക്തമാക്കും. ഫീൽഡ് ആശുപത്രികളിൽ 30 ശതമാനം ഭാഗം അത്യാവശ്യഘട്ടത്തിനായി മാറ്റിവെക്കും. ഏതുതരത്തിലാണ് സ്ഥിതിഗതികൾ വളരുക എന്നിപ്പോൾ പറയാനാവില്ല. മറ്റുരാജ്യങ്ങളിലെ അവസാന രണ്ടുമൂന്നു മാസങ്ങളിലെ സ്ഥിതികൾ അവലോകനംചെയ്തിട്ടാണ് സേനയിപ്പോൾ പരിപാടികൾ ആസൂത്രണംചെയ്യുന്നത്’’ -അദ്ദേഹം പറഞ്ഞു.