ബെംഗളൂരു: കർണാടകത്തിൽ നിരീക്ഷണത്തിലുള്ളവരുടെ വിലാസം പുറത്തുവിട്ടതിനുപിന്നാലെ കോവിഡ് -19 സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി സർക്കാർ.

രോഗി എവിടെയൊക്കെയാണ് സഞ്ചരിച്ചത്, യാത്രചെയ്ത സമയം എന്നിവ ആപ്ലിക്കേഷനിൽ നൽകിയിട്ടുണ്ട്. രോഗബാധിതനുമായി ഏതെങ്കിലുംതരത്തിൽ സമ്പർക്കത്തിലേർപ്പെട്ടവർ, രോഗി സന്ദർശിച്ച സ്ഥലങ്ങളിൽ അതേ സമയങ്ങളിൽ ഉണ്ടായിരുന്നവർ എന്നിവരെ വേഗത്തിൽ കണ്ടെത്താനാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. രോഗലക്ഷണമുള്ളവർക്ക് പരിശോധനയ്ക്ക് വിധേയരാകാൻ ഇത് സഹായകമാകുമെന്നും അധികൃതർ പറയുന്നു. ’CORONA WATCH’ എന്ന പേരിലാണ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. കൊറോണരോഗിയുമായി സമ്പർക്കംപുലർത്തിയിരുന്നതായി സംശയം തോന്നുന്നവർക്ക് ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനവും ‘ആപ്പി’ൽ സജ്ജീകരിച്ചിട്ടുണ്ട്. ഒാരോരുത്തരുടെയും താമസ്ഥലത്തിന് അടുത്തുള്ള ആശുപത്രികൾ, പരിശോധനാകേന്ദ്രങ്ങൾ, ലാബുകൾ എന്നിവയുടെ വിവരവും നൽകിയിട്ടുണ്ട്. ‘കോവിഡ് രോഗികൾ സഞ്ചരിച്ച സ്ഥലങ്ങൾ’ എന്ന ലിങ്കിൽ അമർത്തിയാൽ ഭൂപടം തെളിഞ്ഞുവരും. ഇതിൽ നീലനിറത്തുള്ള അടയാളം നിങ്ങൾ ഇപ്പോഴുള്ള സ്ഥലമായിരിക്കും. ചുവന്ന അടയാളമായിരിക്കും രോഗി സഞ്ചരിച്ച സ്ഥലങ്ങൾ. ചുവന്ന അടയാളത്തിൽ അമർത്തുമ്പോൾ രോഗി പോയ സ്ഥലം, സമയം, മറ്റുവിവരങ്ങൾ എന്നിവ വ്യക്തമായി തെളിഞ്ഞുവരും. പരിശോധനഫലം പോസിറ്റീവായവരുടെ വീട്ടുവിലാസവും ഇതോടൊപ്പം കാണിക്കുന്നുണ്ട്.

സ്വകാര്യതയുടെ ലംഘനമെന്ന് ആരോപണം

ബെംഗളൂരു: കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരുടെ വിലാസവും രോഗബാധിതരുടെ വിവരങ്ങളും പുറത്തുവിട്ട കർണാടകസർക്കാരിന്റെ നടപടി സ്വകാര്യതയുടെ ലംഘനമാണെന്ന ആരോപണം ശക്തമായി. വിദേശത്തുനിന്നെത്തിയവരുൾപ്പെടെ നിരീക്ഷണത്തിലുള്ള 20,000-ത്തോളം ആളുകളുടെ വീട്ടുനമ്പറുൾപ്പെടെയുള്ള വിവരങ്ങളാണ് കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ടത്. നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങളെയും സമീപത്ത് താമസിക്കുന്നവരെയും ഒറ്റപ്പെടുത്താൻ ഇതിടയാക്കുന്നുവെന്ന് വിമർശനമുയർന്നു. വിവരങ്ങളടങ്ങിയ പി.ഡി.എഫ്., എക്സെൽ ഫയലുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നഗരത്തിൽ താമസിക്കുന്ന മിക്കവരുടെയും കൈവശം എത്തിക്കഴിഞ്ഞു. ഇതോടെ പലരും തങ്ങളുടെ വീടിനടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. അതേസമയം, വിവരം പുറത്തുവിടുന്നത് നല്ലതാണെന്നും ജനങ്ങൾക്ക് ജാഗ്രതയോടെ നിൽക്കാൻ ഇത് സഹായകമാകുമെന്നും ഒരുവിഭാഗം ആളുകൾ പറയുന്നു.