ന്യൂഡൽഹി: കൊറോണയെ പ്രതിരോധിക്കാനുള്ള അടച്ചിടൽകാലയളവിൽ ഡൽഹി ഉൾപ്പെടെ രാജ്യത്തെ 10 നഗരങ്ങളിലെ ഒരുലക്ഷം യാചകർക്ക് സൗജന്യഭക്ഷണം നൽകാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയം ഈ നഗരങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് കത്തയച്ചു.

മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ഇന്ദോർ, പട്‌ന, നാഗ്പുർ, ലഖ്‌നൗ എന്നിവയാണ് മറ്റു നഗരങ്ങൾ. മുനിസിപ്പൽ കോർപ്പറേഷനുകൾക്കാണ് ഭക്ഷണം വിതരണംചെയ്യേണ്ടതിന്റെ ചുമതല. ഇതിനുള്ള ചെലവ് പൂർണമായി സാമൂഹികക്ഷേമ മന്ത്രാലയം വഹിക്കും. പദ്ധതിയുമായി സഹകരിക്കാൻ പ്രമുഖ സന്നദ്ധസംഘടകളോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ ഒന്നുമുതൽ 15 വരെയാണ് പദ്ധതി. ഓരോ നഗരത്തെയും വിവിധ വിഭാഗങ്ങളാക്കി തിരിക്കും. ഓരോ വിഭാഗത്തിന്റെയും മേൽനോട്ടത്തിന് ഓരോ നോഡൽ ഓഫീസർ വീതമുണ്ടാകും. അഞ്ചുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ യാചകരെ കണ്ടെത്തുകയാണു ചെയ്യുക. രണ്ടാംഘട്ടത്തിൽ താത്കാലിക കേന്ദ്രത്തിൽ താമസിക്കാൻ അവരെ പ്രേരിപ്പിക്കും. ആവശ്യമുള്ളവർക്ക് വൈദ്യസഹായം ലഭ്യമാക്കുകയെന്നതാണ് മൂന്നാംഘട്ടം. യാചകർക്ക് മറ്റു ജീവിതമാർഗങ്ങൾ സ്വീകരിക്കാനുള്ള സഹായമൊരുക്കുക, പുനരധിവസിപ്പിക്കുക, കുടുംബത്തിൽ തിരികെയെത്തിക്കുക എന്നിവയാണ് നാല്, അഞ്ച് ഘട്ടങ്ങളിലൂടെ ലക്ഷ്യമിടുന്നത്.