ന്യൂഡൽഹി: കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ സ്ഥിതി വിലയിരുത്താൻ രാഷ്ട്രപതി രാം നാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വെള്ളിയാഴ്ച ഗവർണർമാരുമായി ചർച്ച നടത്തി. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു സംവാദം.

രോഗവ്യാപനം തടയാൻ റെഡ്ക്രോസ് വൊളന്റിയർമാരെയും സന്നദ്ധസംഘടനാ പ്രവർത്തകരെയും മതസംഘടനാ പ്രവർത്തകരെയും അണിനിരത്താൻ രാഷ്ട്രപതി സംസ്ഥാനങ്ങളോടു നിർദേശിച്ചു. കൊറോണയെ നേരിടാൻ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാക്കാവുന്ന മികച്ച പ്രവർത്തനമാണ് കേരളം നടത്തുന്നതെന്ന് സംസ്ഥാനഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യോഗത്തിൽ പറഞ്ഞു.

കൊറോണയെ നേരിടാൻ കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക് സംസ്ഥാനങ്ങൾ നൽകേണ്ട പിന്തുണയും രോഗവ്യാപനം ഉയർത്തുന്ന വെല്ലുവിളികളും വിലയിരുത്താനാണ് ചർച്ച സംഘടിപ്പിച്ചത്. ഇന്ത്യൻ ജനതയുടെ പങ്കാളിത്ത മനോഭാവവും സഹാനുഭൂതിയും രോഗവ്യാപനം തടയാൻ ഉൾക്കരുത്തു നൽകുമെന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും യോഗത്തിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ സഹായനടപടികൾ പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ആശ്വാസമാകും.

രോഗബാധ കാര്യമായി റിപ്പോർട്ടുചെയ്ത 15 സംസ്ഥാനങ്ങളിലെ ഗവർണർമാർ അതതിടങ്ങളിലെ സാഹചര്യവും നടപടികളും വിശദീകരിച്ചു. കേരളത്തിൽ സംസ്ഥാനസർക്കാർ, സന്നദ്ധ സംഘടനകൾ, ആരോഗ്യവിദഗ്ധർ, പാരാമെഡിക്കൽ സ്റ്റാഫ്, പോലീസ് എന്നിവരെല്ലാം ഏകോപനത്തോടെ മികച്ചരീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. ജനങ്ങൾ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.

അനിവാര്യമായ ഘട്ടത്തിൽ ജോലിചെയ്യാൻ സന്നദ്ധതയറിയിച്ച എം.ബി.ബി.എസ്. വിദ്യാർഥികളുടെയും വിരമിച്ച ഡോക്ടർമാരുടെയും 1800 പേരുകൾ അടങ്ങിയ പട്ടിക സംസ്ഥാനസർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഏകാന്തവാസത്തിൽ കഴിയുന്നവർക്ക് ഉപദേശങ്ങളും നിർദേശങ്ങളും നൽകാൻ 375 മാനസികരോഗവിദഗ്ധരും രംഗത്തുണ്ടെന്ന് ഗവർണർ പറഞ്ഞു. സാമൂഹികാകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന, ‘ലക്ഷ്യമില്ലാതെ ചുറ്റുപാടും അലയരുത്, വീട്ടിലിരിക്കുക’ എന്നർഥമുള്ള കവിതാശകലം ആരിഫ് മുഹമ്മദ് ഖാൻ യോഗത്തിൽ പാടി.

1800 റെഡ്‌ക്രോസ് പ്രവർത്തകർ കർണാടകത്തിൽ സന്നദ്ധസേവനം നൽകുന്നുണ്ടെന്ന് കർണാടക ഗവർണർ വാജുഭായ് വാല പറഞ്ഞു. നിർമാണത്തൊഴിലാളികൾക്ക് അരിയും ഭക്ഷ്യധാന്യങ്ങളും നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് അറിയിച്ചു. കൂടാതെ എല്ലാ റേഷൻകാർഡുടമകൾക്കും 1000 രൂപ വീതം നൽകുന്നുണ്ട്.

ഹരിയാണ, ഗുജറാത്ത്, തെലങ്കാന, ബംഗാൾ, ഹിമാചൽ പ്രദേശ്, ബിഹാർ, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാരും അനുഭവങ്ങൾ പങ്കിട്ടു.

മികച്ച മാതൃകകൾ മറ്റു സംസ്ഥാനങ്ങൾക്കു പിന്തുടരാവുന്നതാണെന്ന് യോഗസമാപനത്തിൽ രാഷ്ട്രപതി നിർദേശിച്ചു.