ന്യൂഡൽഹി: പ്രശസ്ത ചിത്രകാരനും വാസ്തുശില്പിയുമായ സതീഷ് ഗുജ്‌റാളിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ രാഷ്ട്രീയ, സാംസ്‌കാരികരംഗത്തെ പ്രമുഖർ അനുശോചിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെ ഡൽഹിയിലെ വസതിയിലായിരുന്ന ഗുജ്‌റാളിന്റെ (94) അന്ത്യം. അവിഭക്ത ഇന്ത്യയിലെ ഝലമിൽ 1925-ൽ ജനിച്ച ഗുജ്‌റാളിന്റെ സൃഷ്ടികളെ ബാല്യകാലത്തെ കേൾവിനഷ്ടമുൾപ്പെടെയുള്ള അസ്വസ്ഥതകളും ഇന്ത്യാവിഭജനവും വളരെയേറെ സ്വാധീനിച്ചു. ചിത്രകാരനും ശില്പിയും ചുമർചിത്രകാരനും വാസ്തുവിദ്യാവിദഗ്ധനും ഗ്രാഫിക് ചിത്രകാരനുമൊക്കെയായിരുന്നു അദ്ദേഹത്തെ 1999-ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു. ഡൽഹി ഹൈക്കോടതിച്ചുമരിലെ അക്ഷരമാലാ ചുവർച്ചിത്രവും ബെൽജിയൻ സ്ഥാനപതികാര്യാലയവുമുൾപ്പെടെയുള്ളവ അദ്ദേഹത്തിന്റെ കലാവൈഭവത്തിന്റെ ഉദാഹരണങ്ങളാണ്. ബെൽജിയൻ സ്ഥാനപതികാര്യാലയം 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കെട്ടിട നിർമിതികളിലൊന്നായി ഇന്റർനാഷണൽ ഫോറം ഓഫ് ആർക്കിടെക്‌സ് തിരഞ്ഞെടുത്തിട്ടുണ്ട്. ലഹോറിലെ മയോ സ്‌കൂൾ ഓഫ് ആർട്ട്, മുംബൈയിലെ സർ ജെ.ജെ. സ്‌കൂൾ ഓഫ് ആർട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. മെക്‌സിക്കോയിലെ പലേസിയോ ഡി ബെല്ലാസ് ആർട്ടെസിൽ പഠിക്കാൻ സ്‌കോളർഷിപ്പ് കിട്ടിയതാണ് ഗുജ്‌റാളിന്റെ ജീവിതത്തിൽ നിർണായകമായത്. 1952-ൽ മെക്‌സിക്കോയിലെത്തിയ അദ്ദേഹം ഡീഗോ റിവേറ, ഡേവിഡ് അൽഫാറോ സിക്വീറോസ് എന്നീ വിഖ്യാതകലാകാരന്മാർക്കു കീഴിൽ വിദ്യയഭ്യസിച്ചു. മെക്‌സിക്കോയിലെ ഏറ്റവും വലിയ കലാകാരിയായി അറിയപ്പെടുന്ന ഫ്രിദ കാലോയും കവിയും നയതന്ത്രജ്ഞനുമായ ഒക്ടേവിയോ പാസുമുൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി. മുൻപ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാൾ സഹോദരനാണ്. ഭാര്യ: കിരൺ, മക്കൾ: അൽപ്പന, റസീൽ, മോഹിത്. സതീഷ് ഗുജ്‌റാൾ ബഹുമുഖപ്രതിഭയായിരുന്നെന്ന് അനുശോചനസന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അദ്ദേഹത്തിന്റെ സൃഷ്ടിപരതയെയും പ്രതിബന്ധങ്ങൾ തരണംചെയ്ത നിശ്ചയദാർഢ്യത്തെയും ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ഹർസിമ്രത് കൗർ ബാദൽ, കോൺഗ്രസ് നേതാവ് രാജീവ് ശുക്ല, കലാകാരൻ രഞ്ജിത് ഹോസ്‌കോട്ട് തുടങ്ങിയവരും അനുശോചിച്ചു.