ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയാനായി അടച്ചിടൽ പ്രഖ്യാപിക്കുന്നതിനുമുമ്പ് വിദേശത്തുനിന്ന് രാജ്യത്തെത്തിയവരുടെയും നിരീക്ഷണത്തിന് വിധേയരായവരുടെയും എണ്ണത്തിൽ അന്തരം. ഈ അന്തരം പ്രതിരോധപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങൾക്ക് എഴുത്തിയ കത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷവും വിദേശരാജ്യങ്ങളിൽനിന്ന് എത്തിയവരാണ്. അതിനാൽ വിദേശത്തുനിന്ന് എത്തിയവരെ കർശനനിരീക്ഷണത്തിന് വിധേയരാക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ബ്യൂറോ ഓഫ് എമിഗ്രേഷൻ വിദേശത്തുനിന്ന് എത്തിയ 15 ലക്ഷത്തിലേറെ യാത്രക്കാരുടെ വിവരങ്ങളാണ് സംസ്ഥാനങ്ങൾക്ക്‌ നൽകിയിരിക്കുന്നത്. എന്നാൽ, നിരീക്ഷണത്തിന്‌ വിധേയരായവരുടെ എണ്ണം കത്തിൽ പറയുന്നില്ല. വിദേശത്തുനിന്നെത്തിയവരെ നിരീക്ഷണത്തിന് വിധേയരാക്കണമെന്നാണ് ആരോഗ്യമന്ത്രാലയം തുടർച്ചയായി ആവശ്യപ്പെടുന്നത്. അതിനായി ജില്ലാ ഭരണാധികാരികളുമായി യോജിച്ച് പദ്ധതികൾ തയ്യാറാക്കണമെന്ന് ചീഫ് സെക്രട്ടറിമാരോട് ആഭ്യന്തരസെക്രട്ടറി നിർദേശിച്ചു.