ന്യൂഡൽഹി : വനിതകൾക്ക് ബി.ജെ.പി. നൽകുന്നതുപോലെ പ്രവർത്തിക്കാനുള്ള ഇടം മറ്റൊരു രാഷ്ട്രീയപ്പാർട്ടിയും ഇന്ത്യയിൽ നൽകുന്നില്ലെന്ന് ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു. മോദിസർക്കാരിലെ വനിതാമന്ത്രിമാരെ അനുമോദിക്കാൻ ചൊവ്വാഴ്ച വൈകീട്ട് മഹിളാമോർച്ച സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

മോദിസർക്കാർ സ്ത്രീശാക്തീകരണത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിവരികയാണ്. പാർട്ടിയുടെ നയം, പ്രവർത്തനം, പരിപാടി, ഭരണം എന്നിവയിലെല്ലാം ബി.ജെ.പി. വിപുലമായ ഇടം സ്ത്രീകൾക്ക് നൽകുന്നുണ്ട്. മന്ത്രിസഭ അടുത്തിടെ പുനഃസംഘടിപ്പിച്ചപ്പോൾ ഏഴ് വനിതകൾക്ക് മന്ത്രിസ്ഥാനം നൽകി. ശൗചാലയങ്ങൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറ്റവും അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് രാംമനോഹർ ലോഹ്യ പറയുമായിരുന്നു. എന്നാൽ, സ്വച്ഛ്‌ഭാരതിലൂടെ രാജ്യവ്യാപകമായി ശൗചാലയങ്ങൾ നിർമിച്ചുനൽകി മോദി സർക്കാർ -നഡ്ഡ പറഞ്ഞു.

മോദി മന്ത്രിസഭയിലെ വനിതാമന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു.