ന്യൂഡൽഹി: ന്യൂനപക്ഷ സമുദായാംഗങ്ങൾ മറ്റു വിഭാഗക്കാരിൽനിന്നു വാങ്ങിയ സ്കൂളിന് ന്യൂനപക്ഷ അവകാശമുണ്ടാകുമോയെന്ന് സുപ്രീംകോടതി പരിശോധിക്കും. വയനാട്ടിലെ സ്കൂളുമായി ബന്ധപ്പെട്ട വിഷയത്തിൽ ജസ്റ്റിസ് അബ്‌ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു. മറ്റു സമുദായക്കാരിൽനിന്നു വാങ്ങിയ സ്കൂളിന് ന്യൂനപക്ഷ പദവി നൽകാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

ഭരണഘടനയുടെ 30-ാം അനുച്ഛേദപ്രകാരം ന്യൂനപക്ഷസമുദായങ്ങൾ ‘സ്ഥാപിച്ച’ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള അവകാശങ്ങൾ ഈ കേസിൽ നൽകാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധിച്ചത്.

1951-ൽ കുഞ്ഞിക്കൃഷ്ണൻ നായർ സ്ഥാപിച്ച സ്കൂളാണ് വയനാട്ടിലെ ജെസ്യൂട്ട് എജ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി 1990-ൽ വാങ്ങിയത്. പിന്നീട്, ഏറ്റവും സീനിയറായ തന്നെ പ്രധാനാധ്യാപകനാക്കിയില്ലെന്നുകാട്ടി സി.വി. ഫ്രാൻസിസ് കോടതിയെ സമീപിക്കുകയായിരുന്നു. തന്നെക്കാൾ ജൂനിയറായ മറ്റൊരാളെയാണ് പ്രധാനാധ്യാപകനാക്കിയതെന്നായിരുന്നു ഫ്രാൻസിസിന്റെ പരാതി.

ന്യൂനപക്ഷ സ്ഥാപനമായ സ്കൂളിന്റെ മാനേജ്‌മെന്റിന് ഇഷ്ടമുള്ളയാളെ നിയമിക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചു. എന്നാൽ, മറ്റൊരു സമുദായക്കാരനിൽനിന്നു വാങ്ങിയതായതിനാൽ സ്കൂളിന് ന്യൂനപക്ഷ പദവി നൽകാനാവില്ലെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിനെതിരേ ജെസ്യൂട്ട് എജ്യുക്കേഷണൽ സൊസൈറ്റി അഡ്വ. റോമി ചാക്കോ വഴി ഫയൽ ചെയ്ത ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.