ബെംഗളൂരു: കർണാടകത്തിൽ ബി.എസ്. യെദ്യൂരപ്പയ്ക്കു പകരം അദ്ദേഹത്തിന്റെ വിശ്വസ്തനും ലിംഗായത്ത് സമുദായ നേതാവുമായ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയാകും. യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തര-നിയമ-പാർലമെന്ററി കാര്യ മന്ത്രിയായിരുന്നു. ബൊമ്മെയെ അടുത്ത മുഖ്യമന്ത്രിയായി യെദ്യൂരപ്പയാണ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ചേർന്ന പാർട്ടി നിയമസഭാക്ഷിയോഗത്തിൽ ബൊമ്മെയുടെ പേര് യെദ്യൂരപ്പ നിർദേശിക്കുകയും അംഗങ്ങൾ അംഗീകരിക്കുകയുമായിരുന്നു. ബുധനാഴ്ച വൈകുന്നേരം 3.20-ന് സത്യപ്രതിജ്ഞ ചെയ്യും.

കേന്ദ്ര നിരീക്ഷകരായെത്തിയ ജി. കൃഷ്ണറെഡ്ഡി, ധർമേന്ദ്ര പ്രധാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. കർണാടകത്തിന്റെ ചുമതലയുള്ള പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺസിങ്ങുമെത്തിയിരുന്നു.

മുൻമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ജനതാദൾ നേതാവുമായിരുന്ന എസ്.ആർ. ബൊമ്മൈയുടെ മകനാണ് 61-കാരനായ ബസവരാജ് ബൊമ്മെ. ബി.ജെ.പി.യിലെ സൗമ്യനായ ഇദ്ദേഹം കാര്യമായ ആരോപണങ്ങളൊന്നും നേരിടാത്ത നേതാവാണ്.

മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈയെ തിരഞ്ഞെടുത്തതോടെ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. വിശ്വസ്തനെത്തന്നെ പിൻഗാമിയാക്കിയതിലൂടെ യെദ്യൂരപ്പയെ പിണക്കാതിരിക്കാനും ശ്രദ്ധിച്ചു. ലിംഗായത്തിലെ സദർ വിഭാഗക്കാരനാണ് ബൊമ്മെ.

ജനതാദളിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ബസവരാജ് ബൊമ്മൈ 2008-ലാണ് ബി.ജെ.പി.യിലെത്തിയത്. ജനതാദൾ യുണൈറ്റഡിലായിരുന്ന അദ്ദേഹത്തെ ബി.ജെ.പി.യിലെത്തിച്ചത് യെദ്യൂരപ്പയാണ്. 2008-ൽ യെദ്യൂരപ്പ സർക്കാരിൽ മന്ത്രിയായിരുന്നു. ജലവിഭവ- സഹകരണവകുപ്പ് കൈകാര്യം ചെയ്തു. ഹാവേരി ജില്ലയിലെ ഷിഗ്ഗാവിൽനിന്നുള്ള എം.എൽ.എ.യാണ്. 2013-ലും 2018-ലും വിജയം ആവർത്തിച്ചു. 1998-ലും 2004-ലും നിയമനിർമാണ കൗൺസിൽ അംഗമായിരുന്നു.

മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും യെദ്യൂരപ്പ കര്‍ണാടക ബി.ജെ.പി.യില്‍ അനിഷേധ്യ നേതാവായി തുടരുമെന്നാണ് ബൊമ്മെയുടെ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നത്. മകന്‍ ബി.വൈ. വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ തീരുമാനം വന്നിട്ടില്ല. എന്നാൽ, ഉപമുഖ്യമന്ത്രിമാരുടെ എണ്ണം മൂന്നിൽനിന്ന് നാലാക്കാൻ ധാരണയുണ്ട്.