ശ്രീനഗർ: ജനാധിപത്യത്തിന് എല്ലാ വ്യത്യാസങ്ങളെയും അനുരഞ്ജിപ്പിക്കാനും പൗരന്മാരുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനുമുള്ള ശേഷിയുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജമ്മുകശ്മീർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കശ്മീരിൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യം തകർന്നത് നിർഭാഗ്യകരമാണ്. ഇത് താത്കാലികമായി കണ്ടാൽ മതി. സമാധാനവും സമൃദ്ധിയുമുള്ള നാളെയെ കെട്ടിപ്പടുക്കാൻ ജനാധിപത്യം നിങ്ങളെ അനുവദിക്കുന്നു. ജീവിതത്തെയും കശ്മീരിനെയും പുനർനിർമിക്കാനുള്ള ഈ അവസരം നിങ്ങൾ ഉപേക്ഷിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്’’ -രാഷ്ട്രപതി പറഞ്ഞു.

എട്ടുവർഷത്തിനിടെ രണ്ടരലക്ഷത്തിലധികം ബിരുദധാരികളും ആയിരത്തിലധികം ഡോക്ടറേറ്റുകളും ഉള്ള സർവകലാശാലയായി ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കശ്മീർ സർവകലാശാലയ്ക്കായതായും അദ്ദേഹം പറഞ്ഞു. കശ്മീർ സർവകലാശാലയുടെ പത്തൊൻപതാമത് സമ്മേളനത്തിൽ സംസാരിച്ച അദ്ദേഹം, കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പോരാടാൻ ഒത്തൊരുമിക്കണമെന്നും ആഹ്വാനം ചെയ്തു.