ന്യൂഡൽഹി: കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 വിമതനേതാക്കളിലെ പ്രധാനികൾ പാർട്ടിക്കെതിരേ വിമർശനവുമായി വീണ്ടും രംഗത്ത്. രാജ്യസഭയിൽ കാലാവധി കഴിഞ്ഞ് വിരമിച്ച ഗുലാം നബി ആസാദ്, കപിൽ സിബൽ, രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ അടക്കമുള്ള നേതാക്കൾ കശ്മീരിൽ ശനിയാഴ്ച സംഘടിപ്പിച്ച ശാന്തി സമ്മേളനത്തിലാണ് വീണ്ടും നേതൃത്വത്തിനെതിരേ തിരിഞ്ഞത്.

കോൺഗ്രസ് ദുർബലമാവുകയാണെന്നും പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിച്ച് ശക്തിപ്പെടുത്തുന്നതിനാണ് ഈ കൂടിച്ചേരലെന്നും നേതാക്കൾ പറഞ്ഞു. രാജ്യസഭയിലെ അനുഭവ സമ്പന്നനായ ഗുലാം നബി ആസാദിന്റെ സേവനം പാർട്ടി അവസാനിപ്പിച്ചതിനെ കപിൽ സിബൽ രൂക്ഷമായി വിമർശിച്ചു. എന്നാൽ ഇതിനെക്കുറിച്ച് പരസ്യ പ്രതികരണത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറായില്ല. നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ മുതിർന്ന നേതാക്കൾ യോഗം ചേർന്ന് വിമർശനം ഉന്നയിക്കുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുകയാണോ ക്ഷയിപ്പിക്കുകയാണോ ചെയ്യുകയെന്ന് അവരവർതന്നെ വിലയിരുത്തണമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ ‘മാതൃഭൂമി’യോട് പറഞ്ഞു.

പാർട്ടി ദുർബലമാകുന്നതിനാലാണ് നമ്മൾ ഇവിടെ കൂടിച്ചേർന്നതെന്ന് യോഗത്തിൽ കപിൽ സിബൽ പറഞ്ഞു. ‘‘ഗുലാം നബി ആസാദിന്റെ സേവനം അവസാനിപ്പിച്ചതിൽ ദുഃഖമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലെയും കോൺഗ്രസിന്റെ അടിത്തറ അറിയാവുന്ന ആൾ’’ -കപിൽ സിബൽ പറഞ്ഞു. ജി 23 നേതാക്കൾ (കത്തെഴുതിയ 23 ഗ്രൂപ്പുനേതാക്കൾ) പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് ആനന്ദ് ശർമ പറഞ്ഞു. 1950-നുശേഷം രാജ്യസഭയിൽ ജമ്മു കശ്മീരിന്റെ പ്രതിനിധികളില്ലാത്ത സന്ദർഭം ഉണ്ടായിട്ടില്ലെന്നും ഇത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കത്തെഴുതിയ നേതാക്കളെ ജി 23 എന്നാണ് വിളിക്കുന്നതെന്നും എന്നാൽ താൻ ‘ഗാന്ധി 23’ എന്നാണ് വിളിക്കുകയെന്നും രാജ് ബബ്ബർ പറഞ്ഞു. കോൺഗ്രസ് ആണോ, അല്ലയോ എന്ന് തങ്ങളോട് പറയാൻ ആർക്കും അവകാശമില്ലെന്നും തങ്ങൾ കെട്ടിപ്പടുത്ത പാർട്ടിയെ തങ്ങൾ ശക്തിപ്പെടുത്തുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭയിൽനിന്ന് വിരമിച്ചെങ്കിലും രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചിട്ടില്ലെന്നും സ്വത്വം നഷ്ടപ്പെട്ട ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി വീണ്ടെടുക്കാൻ പാർലമെന്റിനകത്തും പുറത്തും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി പാർട്ടി അരയുംതലയും മുറുക്കി പ്രവർത്തിക്കുമ്പോൾ മുതിർന്ന നേതാക്കൾ ഇത്തരത്തിൽ യോഗം ചേർന്ന് മാധ്യമങ്ങൾക്ക് വിവരം നൽകിയതിൽ പാർട്ടി നേതൃത്വത്തിന് കടുത്ത നീരസമുണ്ട്. കോൺഗ്രസിൽ സമ്പൂർണമാറ്റം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കേരളത്തിൽനിന്ന് ശശി തരൂരും പി.ജെ. കുര്യനും അടക്കം 23 പ്രമുഖ നേതാക്കൾ ഓഗസ്റ്റിലാണ് കത്തയച്ചത്. കത്ത് ചർച്ച ചെയ്യാനായി ചേർന്ന പ്രവർത്തകസമിതി യോഗം ഇവരെ കടുത്തഭാഷയിൽ വിമർശിച്ചിരുന്നു.