: ഭരണം തിരികെപ്പിടിക്കാൻ അസമിൽ പതിനെട്ടടവും പയറ്റുകയാണ് കോൺഗ്രസ്. ഇതിനായി ഛത്തീസ്ഗഢിൽ പരീക്ഷിച്ചുവിജയിച്ച ദ്വിമുഖ തന്ത്രം അസമിലും പയറ്റുകയാണ് പാർട്ടി. ഛത്തീസ്ഗഢിൽ രമൺസിങ് സർക്കാരിനെ താഴെയിറക്കാൻ പയറ്റിയ തന്ത്രം അതേപടി പിന്തുടരുകയാണിവിടെ. ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ നേരിട്ടാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.

ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം മുതിർന്ന നേതാക്കളെയടക്കം പ്രചാരണത്തിലിറക്കിയാണ്‌ പ്രവർത്തനം. ഓരോ ബൂത്തിൽനിന്നുമുള്ള ആറുപേർക്ക് ഒരുദിവസം നീണ്ടുനിൽക്കുന്ന പരിശീലനവും നൽകി. മൂന്നുഘട്ടമായി നടക്കുന്ന പരിശീലനം വിലയിരുത്താനും നേതൃത്വം നൽകാനും 15 അംഗ പരിശീലനസംഘത്തെയും നിയോഗിച്ചു. ഇതിനൊപ്പം ‘അസം ബച്ചാവോ’ (അസമിനെ രക്ഷിക്കൂ) ബസ് യാത്രയും കോൺഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.

അപ്പർ അസം, ബ്രഹ്മപുത്രവാലി, ബാരക്ക് വാലി അടക്കമുള്ള പ്രദേശങ്ങളിലേക്ക് യാത്ര നടത്തി ജനങ്ങളുമായി നേരിട്ടുസംവദിക്കാനാണ് ശ്രമം. ഇങ്ങനെ കിട്ടുന്ന വിവരങ്ങളുൾപ്പെടുത്തിയാകും പ്രകടനപത്രിക തയ്യാറാക്കുക. പ്രാദേശികനേതാക്കൾമുതൽ ദേശീയനേതാക്കൾവരെ യാത്രയിൽ പങ്കുചേരും. നൂറിലധികം സീറ്റുനേടി കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ചുമതലയുള്ള ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.

മത്സരിക്കാൻ ആർ.ജെ.ഡി.യും

: മത്സരിക്കാൻ തയ്യാറെടുത്ത് ആർ.ജെ.ഡി.യും. സഖ്യരൂപവത്കരണ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒരേ അഭിപ്രായഗതിയുള്ള പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും പാർട്ടിനേതാവ് തേജസ്വി യാദവ് പറഞ്ഞു. കോൺഗ്രസുമായി ചർച്ച നടത്തി, എ.ഐ.യു.ഡി.എഫുമായി അടുത്തദിവസങ്ങളിൽ ചർച്ചനടത്തുമെന്നും അദ്ദേഹം ഗുവാഹാട്ടിയിൽ വാർത്താ ഏജൻസികളോട് പറഞ്ഞു.

മൂന്നിൽരണ്ട് ഭൂരിപക്ഷത്തിൽ സർക്കാരുണ്ടാക്കും

അസമിൽ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി.-എ.ജി.പി. സഖ്യം സർക്കാരുണ്ടാക്കും. മുമ്പ് വെടിയൊച്ചകളും സംഘർഷങ്ങളുമാണ് അസമിൽനിന്ന്‌ ഉയർന്നിരുന്നതെങ്കിൽ ഇന്ന് വ്യവസായവും വികസനവും വിനോദസഞ്ചാരവും സംബന്ധിച്ച വാർത്തകളാണ് ഉയരുന്നത്.

-അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി (അസമിലെ നാഗോണിൽ പറഞ്ഞത്)