മുംബൈ: അധോലോകക്കുറ്റവാളി ഇഖ്ബാൽ മിർച്ചിയുടെ ഭാര്യയെയും രണ്ട് ആൺമക്കളെയും പിടികിട്ടാ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചു. ഇതോടെ ഇവരുടെ പേരിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ വഴിയൊരുങ്ങി. അനധികൃത പണമിടപാടുകൾ തടയുന്നതിനുള്ള നിയമം ഉപയോഗിച്ചാണ് മിർച്ചിയുടെ ഭാര്യ ഹാജിറ മേമനെയും മക്കളായ ജുനൈദ് മേമനെയും ആസിഫ് മേമനെയും പ്രത്യേക കോടതി ജഡ്ജി എ.എ. നന്ദ്ഗാവോങ്കർ പിടികിട്ടാ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചത്.

ഇവരുടെ പേരിൽ ഇന്ത്യയിലും വിദേശത്തുമുള്ള ആസ്തികൾ നിയമം അനുശാസിക്കുന്ന രീതിയിൽ കണ്ടുകെട്ടാനും കോടതി നിർദേശിച്ചിട്ടുണ്ട്. അതിനു മുന്നോടിയായി ഇവരുടെ സ്വത്തുവകകളുടെ പട്ടിക തയ്യാറാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അധോലോകക്കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായിരുന്ന മിർച്ചി 2013-ൽ ബ്രിട്ടനിലാണ് മരണമടഞ്ഞത്.

അതിനുശേഷം 2019-ലാണ് മിർച്ചിക്കും കുടുംബാംഗങ്ങൾക്കുമെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനധികൃത പണമിടപാടിന് കേസെടുത്തത്. ഡി.എച്ച്.എഫ്.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ നിന്നുള്ള പണത്തിന്റെ ഒരു പങ്ക് മിർച്ചി കുടുംബത്തിന്റെ സ്ഥാപനത്തിലേക്കാണ് പോയത് എന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നെങ്കിലും മിർച്ചി കുടുംബം എത്തിയില്ല. ഇതേത്തുടർന്നാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനുള്ള അപേക്ഷ നൽകിയത്.

മിർച്ചി കുടുംബത്തിന്റെ 798 കോടിരൂപയുടെ ആസ്തി ഇ.ഡി. ഇതിനകം താത്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതോടെ ഇവ സ്ഥിരമായി കണ്ടുകെട്ടാനാവും.