ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്ന അർജുന മൂർത്തി സ്വന്തം പാർട്ടി തുടങ്ങി. പാർട്ടി രൂപവത്കരണം രജനി ഉപേക്ഷിച്ചതിനെത്തുടർന്നാണ് പുതിയ പാർട്ടിയാരംഭിക്കാൻ അർജുന മൂർത്തി തീരുമാനിച്ചത്. ഇന്ത്യ മക്കൾ മുന്നേറ്റ കക്ഷിയെന്ന പേരിലാണ് പാർട്ടി തുടങ്ങിയിരിക്കുന്നത്. അർജുന മൂർത്തിക്ക്‌ രജനി ആശംസകൾ നേർന്നെങ്കിലും തിരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ബി.ജെ.പി. ബൗദ്ധിക വിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്ന അർജുന മൂർത്തി പാർട്ടിയിൽ നിന്നു രാജിവെച്ചായിരുന്നു രജനീകാന്തിനൊപ്പം ചേർന്നത്. പുതിയ പാർട്ടിയുടെ ചീഫ് കോ-ഓർഡിനേറ്ററായി അദ്ദേഹത്തെ രജനി നിയമിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ രജനി രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചപ്പോൾ അർജുന മൂർത്തിയെ ബി.ജെ.പി. വീണ്ടും പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ബി.ജെ.പിയിലേക്കു തിരിച്ചുപോകുന്നതിന് പകരം പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുകയായിരുന്നു.

രജനിയുടെ ആത്മീയ രാഷ്ട്രീയം നടപ്പാക്കുന്നതിനാണ് പുതിയ പാർട്ടിയെന്നാണ് മൂർത്തിയുടെ പ്രഖ്യാപനം. എന്നാൽ രജനിയുടെ പേരോ, ചിത്രമോ പ്രചാരണത്തിനായി ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ മാറ്റം ആഗ്രഹിക്കുന്നവരെ ലക്ഷ്യമാക്കിയാണ് പാർട്ടി രൂപവത്കരിച്ചതെന്നും അർജുന മൂർത്തി പറഞ്ഞു.