ന്യൂഡൽഹി: ആഗോള വിപണിയിൽ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനായി കളിപ്പാട്ട നിർമാതാക്കൾ പരിസ്ഥിതിസൗഹൃദ കളിപ്പാട്ടങ്ങൾ നിർമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആദ്യ അഖിലേന്ത്യാ കളിപ്പാട്ട മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

10,000 കോടി യു.എസ്. ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണിയിൽ ഇന്ത്യയുടെ പങ്ക് വളരെ ചെറുതാണ്. രാജ്യത്തെ 85 ശതമാനം കളിപ്പാട്ടങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ മാറ്റം വരുത്തേണ്ടതുണ്ട്. പ്ലാസ്റ്റിക് കുറച്ച് പുനരുപയോഗം ചെയ്യാവുന്ന കളിപ്പാട്ടങ്ങൾ നിർമിക്കാൻ നമുക്ക് കഴിയണമെന്ന് മോദി പറഞ്ഞു.

ഇന്ത്യൻ കായികാധിഷ്ഠിത കളിപ്പാട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘ടോയത്തോൺ-2021’ -ൽ 7,000-ത്തിലധികം ആശയങ്ങൾ പങ്കുവെച്ചു. ചെന്നപട്ടണം, വാരണാസി, ജയ്‌പുർ എന്നിവിടങ്ങളിൽനിന്നുള്ള പരമ്പരാഗത കളിപ്പാട്ട നിർമാതാക്കളുമായി സംസാരിച്ച അദ്ദേഹം കുട്ടികളുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചിക്കനുസരിച്ച് കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഓർമപ്പെടുത്തി.