ചണ്ഡീഗഢ്‌: പഞ്ചാബിൽ ചരൺജിത് സിങ് ചന്നിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. 15 മന്ത്രിമാരിൽ ഏഴ്‌ പുതുമുഖങ്ങളാണ്. രാജ്ഭവനിൽനടന്ന ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.

രൺദീപ്‌സിങ് നഭ, രാജ്കുമാർ വെർക, സംഗത് സിങ് ഗിൽസിയാൻ, പർഗത് സിങ്, അമരീന്ദർ സിങ് രാജാ വാറിങ്, ഗുർകിരത് സിങ് കോട്‌ലി എന്നിവരാണ് പുതുമുഖങ്ങൾ. 2018-ൽ അമരീന്ദർ സിങ് മന്ത്രിസഭയിൽനിന്ന് രാജിെവച്ച റാണ ഗുർജിത് സിങും മന്ത്രിയാകും.

അമരീന്ദർ സിങ് മന്ത്രിസഭയിലെ ബ്രഹ്മ മൊഹീന്ദ്ര, മൻപ്രീത് സിങ് ബാദൽ, ട്രിപ്റ്റ് രജീന്ദർ സിങ് ബജ്വ, അരുണ ചൗധരി, സുഖ്ബീന്ദർ സിങ് സർകറിയ, റസിയ സുൽത്താന, വിജയ് ഇന്ദർ സിംഗ്ല,ഭരത് ഭൂഷൺ ആശു എന്നിവരെ നിലനിർത്തി.

പഴയ മന്ത്രിമാരായിരുന്ന റാണ ഗുർമിത് സിങ് സോധി, സാധു സിങ് ധരംസോത്, ബൽബീർ സിങ് സിദ്ദു, ഗുർപ്രീത് സിങ് കംഗാർ, സുന്ദർ ഷാം അറോറ എന്നിവർക്ക് പുതിയ മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. ഇതിനെതിരേ ചടങ്ങിനുമുമ്പ് പത്രസമ്മേളനം നടത്തി ബൽബീർ സിങ് സിദ്ദുവും ഗുർപ്രീത് സിങ് കംഗറും പ്രതിഷേധിച്ചു. മണൽഖനന കരാറുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ പുറത്താക്കപ്പെട്ട റാണ ഗുർജിത് സിങ്ങിനെ വീണ്ടും മന്ത്രിയാക്കിയതിൽ നേതാക്കൾക്കിടയിൽ പ്രതിഷേധമുണ്ട്.