മെയിൻപുരി (യു.പി.): ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ സ്വയം വൃത്തിയാക്കി പ്രത്യേകം സൂക്ഷിക്കാൻ പട്ടികജാതി വിദ്യാർഥികളോട് ആവശ്യപ്പെട്ട സ്കൂൾ പ്രിൻസിപ്പലിനും പാചകക്കാർക്കുമെതിരേ നടപടി. സംഭവത്തിൽ പ്രിൻസിപ്പൽ ഗരിമ സിങ് രജ്പുത്തിനെ സസ്പെൻഡ് ചെയ്തു. പാചകക്കാരെ പിരിച്ചുവിട്ടു.

ഉത്തർപ്രദേശിലെ മെയിൻപുരി ബേവാർ ബ്ലോക്കിലെ ദോഡാപുരിലുള്ള സർക്കാർ പ്രാഥമിക വിദ്യാലയത്തിലാണു സംഭവം. സ്കൂളിൽ എൺപതോളം പട്ടികജാതി വിദ്യാർഥികളാണുള്ളത്. ഉച്ചഭക്ഷണം കഴിച്ചശേഷം പാത്രങ്ങൾ വൃത്തിയാക്കാൻ നിർബന്ധിക്കുകയും അവ പ്രത്യേകം സൂക്ഷിക്കാൻ ഇവരോടു മാത്രം ആവശ്യപ്പെടുകയും ചെയ്തെന്നാണു പരാതി.

വിദ്യാർഥികളോട് വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ഗ്രാമമുഖ്യ മഞ്ജു ദേവിയുടെ ഭർത്താവ് സാഹേബ് സിങ് പരാതി നൽകിയതിനെത്തുടർന്നാണ് നടപടിയെന്ന് ചീഫ് ഡെവലപ്മെന്റ് ഓഫീസർ വിനോദ് കുമാർ പറഞ്ഞു.