മുംബൈ: രാജ്യത്തിന്റെ വളർന്നുവരുന്ന സാമ്പത്തിക വിനിമയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ ബാങ്കുകളും എസ്.ബി.ഐ. പോലുള്ള നാലോഅഞ്ചോ വലിയ ബാങ്കുകളും ഇനിയും ആവശ്യമാണെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ 74-ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

വ്യവസായമേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതരത്തിൽ ബാങ്കിങ് രംഗത്ത് അടിയന്തരമാറ്റങ്ങൾ ആവശ്യമാണ്. എല്ലാ സാമ്പത്തികകേന്ദ്രങ്ങളിലും നേരിട്ടുള്ളതോ ഡിജിറ്റലായതോ ആയ സാമ്പത്തികസേവനം ലഭ്യമാക്കുന്ന രീതിയിൽ ബാങ്കിങ് ശേഷി വിപുലമാക്കണം. കോവിഡാനന്തര കാലത്ത് ബാങ്കുകൾ അവരുടെ കാഴ്ചപ്പാടുകളിൽ കാതലായ മാറ്റങ്ങൾ വരുത്തിയാവണം പ്രവർത്തിക്കേണ്ടത്. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രീതികളിൽ വലിയമാറ്റങ്ങളാണ് ദിവസവും സംഭവിക്കുന്നത്. ദീർഘവീക്ഷണത്തോടെ ചിന്തിക്കാനും അതിനനുസരിച്ച് പ്രവർത്തനരീതികളിലും സാങ്കേതിക വിദ്യകളിലും വലിയമാറ്റങ്ങൾ കൊണ്ടുവരാനും ബാങ്കുകൾക്ക് കഴിയണം.

ബാങ്കിങ് സേവനങ്ങൾ ഇല്ലാത്തമേഖലകൾ എളുപ്പത്തിൽ കണ്ടെത്തി പ്രശ്നംപരിഹരിക്കേണ്ടതുണ്ട്. ഇതിനായി രാജ്യത്തെ എല്ലാ ജില്ലകളിലെയും ബാങ്കുശാഖകളെ ഉൾപ്പെടുത്തി ഡിജിറ്റൈസ്‌ഡ് മാപ്പുണ്ടാക്കണം. ബാങ്കിങ് സാന്നിധ്യമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താൻ ഇതുസഹായിക്കും. എല്ലാ സ്ഥലങ്ങളിലും ബാങ്ക് ഓഫീസുകൾ വേണമെന്നില്ല. രാജ്യത്തെ 7.5 ലക്ഷം പഞ്ചായത്തുകളിലെ മൂന്നിൽ രണ്ടുഭാഗത്തും ഒപ്റ്റിക് ഫൈബർശൃംഖല ലഭ്യമാണ്. ഇത്‌ പ്രയോജനപ്പെടുത്തി ബാങ്കുകൾക്ക് എല്ലായിടത്തും സേവനമെത്തിക്കാനാകും.

2030- ഓടെ രണ്ടുലക്ഷം കോടി ഡോളറിന്റെ കയറ്റുമതിയാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന് ഊന്നൽനൽകി കയറ്റുമതിക്കാർക്ക് ആവശ്യമായ സഹായങ്ങൾലഭ്യമാക്കാൻ പദ്ധതികൾ തയ്യാറാക്കണം. ഇന്ത്യൻ സാമ്പത്തികവ്യവസ്ഥ നിർണായകമായ പുനഃക്രമീകരണത്തിലൂടെ കടന്നുപോകുകയാണ്. മികച്ച സാമ്പത്തികസേവനങ്ങൾ ഉറപ്പുവരുത്തി ബാങ്കുകൾ അതിന് എല്ലാപിന്തുണയും നൽകണം. കടമെടുക്കാതെ ഒരു വ്യവസായവും ഉണ്ടാകില്ല.

പശ്ചാത്തല സൗകര്യവികസനത്തിന് പണം ലഭ്യമാക്കുന്നതിനായി പൊതുമേഖലയിൽ ഡെവലപ്പ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ ഉടൻ നിലവിൽവരും. പൊതുമേഖലാ ബാങ്കുകൾ മൂലധനത്തിനായി സർക്കാരിനെമാത്രം ആശ്രയിക്കാതെ വിപണിയിൽനിന്ന് കണ്ടെത്താനുള്ള വഴികൾതേടണം. ഇപ്പോൾ ബാങ്കുകളുടെ സാമ്പത്തികസ്ഥിതി ഏറെമെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വിപണിയിൽനിന്ന് മൂലധനം കണ്ടെത്താൻ എളുപ്പമായിരിക്കും. പൊതുമേഖലാ ബാങ്കുകളുടെ സംയോജനം കൂടുതൽ വലിയ ബാങ്കുകൾ സൃഷ്ടിക്കാൻ സഹായകരമായി. കോവിഡിനിടയിലും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ ബാങ്കുലയനം പൂർത്തിയാക്കാൻ സഹായിച്ച പൊതുമേഖലാ ബാങ്കുകളെ ധനമന്ത്രി പ്രശംസിച്ചു.