പുണെ: കോവിഷീൽഡ് വാക്സിനേഷൻ ഇടവേളയിൽ മാറ്റത്തിന്റെ ആവശ്യമില്ലെന്ന് എൻ.ടി.എ.ജി.ഐ. (നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യുണൈസേഷൻ.) ചെയർമാൻ ഡോ. എൻ.കെ. അറോറ പറഞ്ഞു. കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കുന്നത് രോഗപ്രതിരോധശക്തി കൂട്ടാൻ സഹായിക്കുമെന്ന് ശാസ്ത്രീയപഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പുണെയിൽ പറഞ്ഞു.

കേരളം, മഹാരാഷ്ട, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിനേഷന്റെ ഇടവേള കുറയ്ക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു അഭിപ്രായങ്ങളേക്കാൾ ഇതേക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കോവിഷീൽഡ് വാക്സിൻ കുത്തിവെക്കുന്നതിനുള്ള ഇടവേള 12 മുതൽ 16 ആഴ്ചകളാണ്. നാലുമുതൽ ആറ് ആഴ്ചകളായി ഇത് ചുരുക്കണമെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആവശ്യം. ഇതിന് ശാസ്ത്രീയപിൻബലമില്ലെന്നും അദ്ദേഹം പറഞ്ഞു.