കൊൽക്കത്ത: ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്താൻ തൃണമൂൽ കോൺഗ്രസ് അനന്തമായി കാത്തിരിക്കില്ലെന്ന് പാർട്ടി എം.പി.യും മുതിർന്ന നേതാവുമായ സുകേന്ദു ശേഖർ റായ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷകക്ഷികളെ ഒരു കുടയ്ക്കുകീഴിൽ അണിനിരത്താൻ കോൺഗ്രസിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ ശ്രമങ്ങളൊന്നുമുണ്ടാകാത്തതിനെത്തുടർന്നാണ് ഈ മുന്നറിയിപ്പ്. മറ്റു പാർട്ടികൾ അനങ്ങിത്തുടങ്ങിയില്ലെങ്കിൽ തൃണമൂൽ സ്വന്തം നിലയിൽ മുന്നോട്ടുപോകുമെന്നും സുകേന്ദു പറഞ്ഞു.

പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാൻ അടിയന്തരശ്രമം വേണമെന്ന് തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് അഭ്യർഥിച്ചിരുന്നു. മറ്റ് പ്രധാന കക്ഷികളുടെ നേതാക്കളോടും ഇതേയാവശ്യം ഉന്നയിച്ചു. എന്നാൽ ആറുമാസത്തെ കാത്തിരിപ്പിനുശേഷവും കാര്യമായ നീക്കങ്ങളൊന്നും കാണുന്നില്ല. അതുകൊണ്ടാണ് തങ്ങൾ മുന്നിട്ടിറങ്ങുന്നത്. ഒരു പക്ഷേ, കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾകാരണം അവർക്ക് ഇതിനൊന്നും സമയമില്ലായിരിക്കുമെന്നും റോയ് കുറ്റപ്പെടുത്തി.

ഗോവയിൽ തെരുവിൽനിന്ന്‌ പോരാടുമെന്ന് മമത

കൊൽക്കത്ത: ഗോവയിൽ പാർട്ടി പരിപാടി നടത്താൻ വേദി അനുവദിക്കുന്നില്ലെങ്കിൽ തെരുവിൽനിന്ന് പോരാടുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. തൃണമൂൽ പരിപാടിക്ക് ഗോവ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ പ്രതികരിക്കുകയായിരുന്നു അവർ.

‘‘ഞാൻ ഗോവയിലേക്ക് പോകുന്നുണ്ട്. അതിന് മുന്നോടിയായി ഗോവയിലെ തൃണമൂൽ കോൺഗ്രസിന്റെ പൊതുപരിപാടികൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, മുൻകൂട്ടി അറിയിച്ചിട്ടും പോലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചു. ഞങ്ങളുടെ നാല് എം.പി.മാർ നടപ്പാതയിൽ ഇരുന്നാണ് പരിപാടി നടത്തിയത്. നിങ്ങൾ അനുമതി തന്നില്ലെങ്കിൽ ഞാനും തെരുവിൽ നിന്നുതന്നെ പോരാടും. എന്റെ ശീലവും അതാണ്’’ -മമത പറഞ്ഞു.

ഗോവൻ തലസ്ഥാനമായ പനാജിയിലെ ആസാദ് മൈതാനിയിലാണ് സർക്കാരിനെതിരേ കുറ്റപത്രം സമർപ്പിക്കുന്ന ചടങ്ങ് തൃണമൂൽ സംഘടിപ്പിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ പോലീസ് ചടങ്ങ് നടത്താൻ അനുവദിച്ചില്ല.