മുംബൈ: മുംബൈ മുൻ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി. സിങ്ങിനെ കാണാനില്ലെന്ന് ഇന്റലിജൻസ് ബ്യൂറോയെ അറിയിച്ച സംസ്ഥാനസർക്കാർ അദ്ദേഹത്തെ കണ്ടെത്താൻ കേന്ദ്ര ഏജൻസിയുടെ സഹായം തേടിയിട്ടുമുണ്ട്.

മഹാരാഷ്ട്ര ഹോംഗാർഡിന്റെ മേധാവിയായിരിക്കേ മെഡിക്കൽ ലീവിൽപോയ സിങ് അവധികഴിഞ്ഞിട്ടും ജോലിക്കെത്തിയിട്ടില്ല. മൂന്നുമാസമായി സിങ്ങിനെപ്പറ്റി ഒരു വിവരവുമില്ലെന്നും മുംബൈയിലെയും ചണ്ഡീഗഢിലെയും മേൽവിലാസത്തിൽ അദ്ദേഹത്തിനയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. വിവിധ കേസുകളിൽ സിങ്ങിനയച്ച സമൻസുകളും അന്വേഷണക്കമ്മിഷൻ പുറപ്പെടുവിച്ച വാറന്റും കൈപ്പറ്റിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്.

പരംബീർ സിങ് എവിടെയാണുള്ളതെന്ന് അറിയില്ലെന്ന് മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരായ പരാതികളിൽ മുംബൈ പോലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിങ് നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഡാരിയസ് ഖംബാട്ട ഇക്കാര്യം അറിയിച്ചത്. എന്നാൽ, സിങ്ങിനെ ഇതുവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരേ നടപടിയെടുക്കാനാവില്ലെന്നും സിങ്ങിന്റെ അഭിഭാഷകൻ മഹേഷ് ജേഠ്മലാനി വാദിച്ചു.

പരംബീർ സിങ്ങിനെതിരേ സംസ്ഥാനസർക്കാർ കടുത്തനടപടിക്ക്‌ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയതായി ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരായ നടപടിയായതിനാൽ വീഴ്ചകളില്ലാതെ അതു നടപ്പാക്കാനാണ് നിയമോപദേശം തേടുന്നത്. സിങ്ങിനെ കണ്ടെത്താൻ ഐ.ബി.യുടെ സഹായം തേടിയതും അതിന്റെ ഭാഗമാണ്. വിവിധ പരാതികളിൽ അന്വേഷണം നേരിടുന്ന പരംബീർ സിങ്ങിനെ സസ്‌പെൻഡ് ചെയ്യണമെന്ന് മഹാരാഷ്ട്ര ഡി.ജി.പി. സഞ്ജയ് പാണ്ഡേ ആഭ്യന്തരവകുപ്പിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഈ ശുപാർശയും സർക്കാരിന്റെ പരിഗണനയിലാണ്.

മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചതിനുപിന്നാലെ പരംബീർ സിങ്ങിനെതിരേ വിവിധ പരാതികളിൽ സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങിയിരുന്നു. ദേശ്മുഖിനെതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ചന്ദീവാൽ മൊഴി നൽകാൻ എത്തണമെന്നാവശ്യപ്പെട്ട് പലതവണ സമൻസ് അയച്ചെങ്കിലും സിങ് ഹാജരായില്ല.