ഉന്നാവ് (യു.പി.): ഹിന്ദു-മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ ശ്മശാനങ്ങൾ വേർതിരിക്കണമെന്ന് ബി.ജെ.പി. എം.പി. സാക്ഷി മഹാരാജ്. മരിച്ചവരെ ഖബറടക്കുന്നതിനു പകരം മുസ്‌ലിങ്ങൾ ഹിന്ദുക്കളുടേതിനു സമാനമായ രീതിയിൽ ദഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗർമാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർഥി ശ്രീകാന്ത് കത്തിയവാഡിനെ പിന്തുണച്ചുള്ള പൊതുയോഗത്തിലാണ് വിവാദ പരാമർശം.

‘രാജ്യത്ത് ഏകദേശം രണ്ടരക്കോടി സന്ന്യാസിമാരുണ്ട്. എല്ലാവർക്കുമായി ഞങ്ങൾ സമാധി പണിയാൻ തുടങ്ങിയാൽ ആവശ്യമുള്ള ഭൂമിയുടെ അളവ് ഊഹിക്കാവുന്നതേയുള്ളൂ. അതുപോലെ, ഇന്ത്യയിൽ 20 കോടി മുസ്‌ലിങ്ങളുണ്ട്, എല്ലാവരും ഖബറടക്കം നടത്തിയാലുള്ള അവസ്ഥയെന്താകും? രാജ്യത്ത് കൃഷിക്കായി ഭൂമി പോലും അവശേഷിക്കുകയില്ല, അതിനാൽ എല്ലാവരും ശവദാഹംനടത്തണം. ഇതിനായി നിയമം കൊണ്ടുവരണം’ -സാക്ഷി പറഞ്ഞു.

സാക്ഷിയുടെ പ്രസ്താവനയ്ക്കെതിരേ സമാജ്‌വാദി പാർട്ടി രംഗത്തുവന്നു. ബി.ജെ.പി. വിദ്വേഷ രാഷ്ട്രീയം പിന്തുടരുകയാണെന്നും എല്ലാ തിരഞ്ഞെടുപ്പിലും അവർ അതാണു ചെയ്യുന്നതെന്നും അവർ ആരോപിച്ചു.