ന്യൂഡൽഹി : കുടുംബാധിപത്യ രാഷ്ട്രീയപ്പാർട്ടികൾ ജനാധിപത്യത്തിന് ഭീഷണിയും ഭരണഘടനയുടെ സങ്കല്പങ്ങൾക്ക് വിരുദ്ധവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയപ്പാർട്ടികൾക്ക് ജനാധിപത്യസ്വഭാവം നഷ്ടമാകുമ്പോൾ ഭരണഘടനയുടെ ആത്മാവ് ഹനിക്കപ്പെടുമെന്നും പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഭരണഘടനാദിനാഘോഷച്ചടങ്ങിൽ മോദി പറഞ്ഞു.

പ്രതിപക്ഷം വിട്ടുനിന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കോൺഗ്രസിനും ഗാന്ധികുടുംബത്തിനുംമേൽ കടുത്ത വിമർശമുയർത്തിയത്. പാർട്ടിയുടെയും നേതാക്കളുടെയും പേരെടുത്തുപറയാതെയായിരുന്നു ആരോപണങ്ങൾ. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തെയും മോദി വിമർശിച്ചു.

കശ്മീർമുതൽ കന്യാകുമാരിവരെ കുടുംബാധിഷ്ഠിത രാഷ്ട്രീയപ്പാർട്ടികളെ കാണാം. ഒരു കുടുംബത്തിൽനിന്ന് ഒന്നിൽക്കൂടുതൽ അംഗങ്ങൾ രാഷ്ട്രീയത്തിൽ വരരുത് എന്നല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. യോഗ്യതയുടെയും ജനപിന്തുണയുടെയും അടിസ്ഥാനത്തിൽ ഒരു കുടുംബത്തിൽനിന്ന് ഒന്നിൽക്കൂടുതൽ പേർ ഒരു പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നത് അതിനെ കുടുംബപ്പാർട്ടിയാക്കുന്നില്ല. എന്നാൽ, തലമുറകളായി ഒരേകുടുംബംതന്നെ ഒരു പാർട്ടി നടത്തുന്നതും പാർട്ടിഘടനയെ മുഴുവൻ കുടുംബത്തിന്റെ അധീനതയിലാക്കുന്നതും ആരോഗ്യപരമായ ജനാധിപത്യത്തിന് വിരുദ്ധമാണ്. രാഷ്ട്രീയപ്പാർട്ടികൾക്ക് ജനാധിപത്യസ്വഭാവം നഷ്ടമാകുമ്പോൾ ഭരണഘടനയ്ക്ക് മുറിവേൽക്കും -മോദി പറഞ്ഞു.

‘‘1950-നുശേഷം ഭരണഘടനാദിനം തുടർച്ചയായി ആചരിക്കേണ്ടതായിരുന്നു. എന്നാൽ, അത് ചിലർ ചെയ്തില്ല. ഭരണഘടന ഒട്ടേറെ അനുച്ഛേദങ്ങളുടെ സമാഹാരം മാത്രമല്ല, നൂറ്റാണ്ടുകൾനീണ്ട മഹത്തായ പാരമ്പര്യംകൂടിയാണ്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെയോ സർക്കാരിന്റെയോ പ്രധാനമന്ത്രിയുടെയോ ചടങ്ങല്ല ഇത്. പാർലമന്റിന്റെ ചടങ്ങാണ്’’ -ചടങ്ങിൽനിന്ന് വിട്ടുനിൽക്കാനുള്ള പ്രതിപക്ഷപാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് മോദി പറഞ്ഞു.

പാർട്ടി ഫോർ ദ ഫാമിലി, ബൈ ദ ഫാമിലി...

ജനാധിപത്യത്തെക്കുറിച്ചുള്ള വിഖ്യാത നിർവചനവാചകങ്ങൾ മാറ്റിപ്പറഞ്ഞ് പ്രധാനമന്ത്രി. കുടുംബാധിഷ്ഠിതപാർട്ടികളെ വിമർശിക്കുമ്പോഴാണ് പ്രയോഗം. കുടുംബാധിഷ്ഠിത പാർട്ടികൾ... ‘പാർട്ടി ഫോർ ദ ഫാമിലി, ബൈ ദ ഫാമിലി...’ കൂടുതൽ എന്തെങ്കിലും താൻ പറയേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്ന് വേദിയെ നോക്കി മോദി പറഞ്ഞപ്പോൾ ബി.ജെ.പി. അംഗങ്ങൾക്കിടയിൽ ചിരി പടർന്നു.