മുംബൈ: മുംബൈ മുൻപോലീസ് കമ്മിഷണർ പരംബീർസിങ്ങിനെ വെള്ളിയാഴ്ച താനെ പോലീസ് ചോദ്യംചെയ്തു. കാലത്ത് പത്തരയോടെ താനെ നഗർ പോലീസ് സ്റ്റേഷനിൽ തന്റെ അഭിഭാഷകനുമൊത്താണ് സിങ് എത്തിയത്. കേസന്വേഷിക്കുന്ന പോലീസ് ഇൻസ്പെക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. വ്യാഴാഴ്ച മുംബൈ ക്രൈംബ്രാഞ്ചിനുമുന്നിൽ ഇദ്ദേഹം ഹാജരായിരുന്നു.

സിങ്ങിനെ കൂടാതെ അധോലോകകുറ്റവാളി രവി പൂജാരി, പോലീസ് സേനയിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയിരുന്ന പ്രദീപ് ശർമ, സിങ്ങിനുകീഴിൽ ജോലിചെയ്ത പോലീസുകാർ എന്നിവരടക്കം 28 പ്രതികളാണ് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

കെട്ടിടനിർമാതാവായ കേതനാണ് ഇവർക്കെതിരേ ജൂലായ് 30-ന് പരാതിനൽകിയത്. തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയാക്കിയശേഷമാണ് തന്നെ സിങ്ങും മറ്റുള്ളവരും ഭീഷണിപ്പെടുത്തി പണം തട്ടിയതെന്ന് കേതൻ പറഞ്ഞു. തന്റെ ഭാര്യയും മകൻ ജെയ് തന്നയും പ്രതികളിലൊരാളുടെ കൈയിൽ 1.25 കോടി രൂപ ആദ്യഗഡുവായി നൽകിയെന്നും കേതൻ പറയുന്നു. ഒട്ടേറെ ഭീഷണികൾനേരിട്ട തനിക്ക് പോലീസ് സംരക്ഷണം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസിൽ പരംബീർ സിങ്ങിനെതിരേ താനെ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റുവാറന്റ് വെള്ളിയാഴ്ച റദ്ദാക്കി. 15,000 രൂപയുടെ ബോണ്ടും ആവശ്യപ്പെടുമ്പോഴൊക്കെ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണമെന്നുള്ള ഉറപ്പിലുമാണ് കോടതി വാറന്റ് റദ്ദാക്കിയത്.