ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെത്തുടർന്ന് ദുരിതാശ്വാസക്യാമ്പിൽ കഴിയവേ മാതാപിതാക്കൾക്ക് ഉടുവസ്ത്രമെടുക്കാൻ വീട്ടിലേക്ക് പോയ പതിനാറുകാരൻ ബൈക്കപകടത്തിൽ മരിച്ചു. നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തിനടുത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം.
വാനവൻമഹാദേവി ഗ്രാമത്തിൽ താമസിക്കുന്ന പുണ്യകുമാറാണ് മരിച്ചത്. പ്ലസ്‌വൺ വിദ്യാർഥിയായിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഗ്രാമത്തിലുള്ളവരെ അടുത്തുള്ള വെള്ളപ്പള്ളം ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. പുണ്യകുമാറും കുടുംബവും അവിടെയാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞദിവസം വൈകീട്ട് മാതാപിതാക്കൾക്ക് മാറ്റിയുടുക്കാനുള്ള വസ്ത്രം എടുക്കുന്നതിനായി പുണ്യകുമാർ സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോയി. യാത്രാമധ്യേ വീശിയടിച്ച കാറ്റിൽ ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ വൈദ്യുതത്തൂണിൽ ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ പുണ്യകുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്ത് സാരമായ പരിക്കുകളോടെ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വേട്ടൈക്കാരനിരുപ്പ് പോലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.